Top

അഞ്ചു കോടിയുമായി 14 വര്‍ഷം മുന്‍പ് മുങ്ങി; ഒടുവില്‍ 'പെട്ടി മോഹനന്‍' പിടിയില്‍

പെട്ടി മോഹനന്‍ എന്നറിയപ്പെടുന്ന കെ. മോഹന്‍ദാസിനെയാണ് പാലാ പൊലീസ് നാടകീയമായി പിടികൂടിയത്

25 Jan 2022 9:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഞ്ചു കോടിയുമായി 14 വര്‍ഷം മുന്‍പ് മുങ്ങി; ഒടുവില്‍ പെട്ടി മോഹനന്‍ പിടിയില്‍
X

അഞ്ചു കോടിയോളം രൂപയുമായി പതിനാല് വര്‍ഷം മുമ്പ് പാലായില്‍ നിന്ന് മുങ്ങിയ ആളെ ദില്ലിയില്‍ നിന്ന് പിടികൂടി. പെട്ടി മോഹനന്‍ എന്നറിയപ്പെടുന്ന കെ. മോഹന്‍ദാസിനെയാണ് പാലാ പൊലീസ് നാടകീയമായി പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഭക്തരുടെ വേഷത്തില്‍ ഡല്‍ഹി രോഹിണിയിലുള്ള അയ്യപ്പക്ഷേത്രത്തില്‍ പാലായില്‍ പൊലീസ് ഉദ്യോഗസ്ഥരെത്തിയത്. വഴിപാടിന് ചീട്ടെഴുതാനിരുന്ന ആളിനടുത്ത് ചെന്ന് പാലാ പൊലീസ് സ്റ്റേഷന്റെ പേരില്‍ വഴിപാട് എഴുതിച്ചു. വഴിപാട് എഴുതാനിരുന്നത് പിടികിട്ടാപ്പുള്ളി പെട്ടി മോഹനന്‍. പിന്നീട് അധികം സംസാരത്തിന് നില്‍ക്കാതെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

2008ല്‍ പാലായിലെ എല്‍.ഐ.സി ഏജന്റ് ആയിരുന്ന മോഹന്‍ദാസ് ഉപഭോക്താക്കളുടെ പോളിസി തുക അടയ്ക്കാതെ ചിട്ടി കമ്പനിയിലേയ്ക്ക് നിക്ഷേപിക്കുകയായിരുന്നു. തന്റെ വീടും ആറേക്കര്‍ സ്ഥലവും വില്പനക്കായി പരസ്യപ്പെടുത്തി പലരുമായി കരാറുണ്ടാക്കിയും വന്‍തുക അഡ്വാന്‍സായി വാങ്ങിയെടുത്തു. അമ്പതുലക്ഷം വരെ നഷ്ടമായ 15 പേരുടെ പരാതിയില്‍ അന്ന് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. ഇതോടെ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പാലാ ഡിവൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ പിടികിട്ടാപ്പുള്ളികളെപ്പറ്റിയുള്ള അന്വേഷണം ത്വരിതപ്പെടുത്തിയതോടെയാണ് മോഹന്‍ദാസ് ദില്ലിയിലുള്ളതായി വിവരം ലഭിച്ചതും അറസ്റ്റു ചെയ്തതും. ദില്ലിയിലെ ഒരു ക്ഷേത്രത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മോഹന്‍ദാസ്.

Next Story