സിനിമാ താരങ്ങളുടെ പണം നഷ്ടപ്പെട്ടു, പ്രവാസികളുടെയും; കൊച്ചിയിലെ തട്ടിപ്പില്‍ ലുക്ക്ഔട്ട് നോട്ടീസ്
മറ്റെന്തിലും ഭൂമിയോ വീടുകളോ പ്രതിയുടേയോ ഭാര്യയുടേയോ പേരിലുണ്ടോയെന്ന് അന്വേഷിക്കാന്‍ റവന്യൂ വകുപ്പിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
9 Dec 2022 11:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കാക്കനാട്: പ്രവാസികളുടെയും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയും പക്കല്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് കോടികള്‍ തട്ടിയ മുന്‍ ബാങ്ക് ജീവനക്കാരനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തൃക്കാക്കര ഭാരതമാതാ കോളേജിനു സമീപം പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഫിന്‍കോര്‍പ്പ് സ്ഥാപന ഉടമ എബിന് വര്‍ഗീസിനെതിരെയാണ് തൃക്കാക്കര പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്.
ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. എബിന്റെ ഭാര്യ ശ്രീരഞ്ജിനിയുടെ പേരിലും കേസെടുത്തിട്ടുണ്ടെങ്കിലും പാസ്പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ലുക്കൗട്ട് സര്‍ക്കുലര്‍ തയ്യാറാക്കിയിട്ടില്ലെന്ന് തൃക്കാക്കര അസി. കമ്മീഷണര്‍ പി വി ബേബി പറഞ്ഞു. അതേ സമയം ഇയാള്‍ രാജ്യം വിട്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇയാളുടേതായി ഒടുവില്‍ ലഭിച്ച ഫോണ്‍ രേഖകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നായതാണ് സംശയത്തിന് കാരണം. വ്യാഴാഴ്ച പൊലീസ് എബിന്റെ തൃക്കാക്കരയിലെ സ്ഥാപനത്തില്‍ പരിശോധന നടത്തി. ഇടപാട് നടന്നതായി സംശയിക്കുന്ന രേഖകളും ഹാര്‍ഡ് ഡിസ്ക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച മുതലാണ് നിക്ഷേപകരുടെ പരാതികള്‍ വന്ന് തുടങ്ങിയത്.
10 ലക്ഷം രൂപ തട്ടിപ്പ് നടന്നെന്ന് കണക്കാക്കിയായാണ് അന്വേഷണം ആരംഭിച്ചത്. ഇപ്പോള്‍ അത് ഒരു കോടിക്ക് മുകളിലേക്കായി. മുപ്പതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. 2014 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനി തിങ്കളാഴ്ച മുതലാണ് പൂട്ടിയത്. അടുത്ത കാലം വരെ കൃത്യമായി കമ്പനി ലാഭവിഹിതം കൊടുത്തിരുന്നു. പിന്നീട് വൈകാന്‍ തുടങ്ങിയതോടെയാണ് പരാതികള്‍ വന്ന് തുടങ്ങിയത്.
അതേ സമയം എബിന് വര്‍ഗീസിന്റെ അക്കൗണ്ടുകള്‍ കാലിയാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. പേരിലുണ്ടെന്ന് കരുതപ്പെടുന്ന മൂന്ന് ഫളാറ്റുകള്‍ വില്‍പ്പന നടത്തിയതായാണ് സംശയിക്കുന്നത്. മറ്റെന്തിലും ഭൂമിയോ വീടുകളോ പ്രതിയുടേയോ ഭാര്യയുടേയോ പേരിലുണ്ടോയെന്ന് അന്വേഷിക്കാന്‍ റവന്യൂ വകുപ്പിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
Story Highlights: MONEY FRAUD CASE AT KOCHI