Top

സോളാര്‍ പീഡനക്കേസ്: പരാതിക്കാരിയുമായി ക്ലിഫ് ഹൗസില്‍ സിബിഐ തെളിവെടുപ്പ്; നടപടി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍

3 May 2022 4:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോളാര്‍ പീഡനക്കേസ്: പരാതിക്കാരിയുമായി ക്ലിഫ് ഹൗസില്‍ സിബിഐ തെളിവെടുപ്പ്; നടപടി ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍
X

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ അന്വേഷണ നടപടികളുടെ ഭാഗമായി സിബിഐ ക്ലിഫ് ഹൗസില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാതിയില്‍ തെളിവെടുപ്പുകളുടെ ഭാഗമായാണ് സിബിഐ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. പരാതിക്കാരിയുമായി നേരിട്ടെത്തിയാണ് തെളിവെടുപ്പ്.

ആറ് എഫ്‌ഐആറുകളാണ് സോളാര്‍ പീഡനക്കേസുമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരെയുള്ള പരാതിയിലാണ് ക്ലിഫ് ഹൗസിലെ നടപടി. 2012 ആഗസ്റ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ആദ്യഘട്ടത്തില്‍ കേരള പൊലീസ് അന്വേഷിച്ച കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ പരാതിക്കാരി കേസ് സിബിഐയ്ക്ക് വിടണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ആവശ്യപ്പെടുകയായിരുന്നു. ഇതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.

പരാതിക്കാരിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്നു പൊലീസ് സ്വീകരിച്ചത്. പരാതിക്കാരി ഉമ്മന്‍ ചാണ്ടിയെ ക്ലിഫ് ഹൗസില്‍ വെച്ചു കണ്ടതിനു തെളിവില്ലെന്നായിരുന്നു പൊലീസ് നിലപാട്. എന്നാല്‍ ഇക്കാര്യങ്ങള്‍ തള്ളുന്നതാണ് സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

സോളാര്‍ പീഡന കേസില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിക്കുയും ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍. സിബിഐ തിരുവനന്തപുരം യൂണിറ്റ്, തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പുറമെ കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി എന്നിവരും പ്രതികളാണ്.

Story Highlight: CBI team at Cliff House action on complaint against Oommen Chandy

Next Story