Top

'മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണം'; 'ക്ലബ്ബ്' ആണെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് ഗണേഷ് കുമാര്‍

' 'അമ്മ' ക്ലബ് ആണ് എന്ന് പറയുമ്പോൾ അടുത്തിരുന്ന മോഹൻലാൽ ബാബുവിനെ തൊടുന്നുണ്ട്. പക്ഷെ അദ്ദേഹം തിരുത്തി പറഞ്ഞില്ല'

29 Jun 2022 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണം; ക്ലബ്ബ് ആണെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്ന് ഗണേഷ് കുമാര്‍
X

'അമ്മ'യുടെ പ്രസിഡന്റ് എന്ന നിലയിൽ വിജയ് ബാബുവിന്റെ രാജി മോഹൻലാൽ ആവശ്യപ്പെടണമെന്ന് കെ ബി ഗണേഷ് കുമാർ. വിജയ് ബാബു 'അമ്മ'യിൽ നിന്ന് രാജി വെക്കണം അല്ലെങ്കിൽ ബഹുമാനപ്പെട്ട പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം എന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. 'അമ്മ'ക്ലബ് ആക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തിന് മറുപടി നൽകണം. 'അമ്മ' ക്ലബ് ആണെങ്കിൽ താൻ രാജി വെക്കുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘടനയിൽ ദിലീപിന്റെ കേസ് വന്നപ്പോൾ അദ്ദേഹം രാജി വച്ചിരുന്നു. സമാനമായ ഒരു കേസ് ആണ് വിജയ് ബാബുവിന്റെയും. അതുകൊണ്ട് തന്നെ വിജയ് ബാബു രാജി വെക്കണം എന്ന് തന്നെയാണ് താൻ പറയുന്നത്. ആ നിലപാടിൽ താൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നും ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. വാശിയോടുകൂടി 'ക്ലബ്' എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനു വേണ്ടിയാണ് എന്നും ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്നും ഇടവേള ബാബു പറയണം. 'അമ്മ'യിൽ നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്തോ ആനുകൂല്യമോ പണമോ കൈപറ്റിയിട്ടാണ് ആരോപണ വിധേയനായ ആ വ്യക്തിയോടൊപ്പം നിൽക്കുന്നത് എന്ന് അതിജീവത പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞതിനും ഇടവേള ബാബുവിന് മറുപടി ഇല്ല എന്നും ഗണേഷ് കുമാർ ആരോപിച്ചു.

ഗണേഷ് കുമാറിന്റെ വാക്കുകൾ

വിജയ് ബാബു 'അമ്മ'യിൽ നിന്ന് രാജി വെക്കണം അല്ലെങ്കിൽ ബഹുമാനപ്പെട്ട പ്രസിഡന്റ് മോഹൻലാൽ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. അതാണ് ഞാൻ പറഞ്ഞത്. അതിന് എല്ലാവരും കൂടെ സംഘടിച്ച് ഒരു ബഹളം ഉണ്ടാക്കേണ്ട കാര്യമില്ല. ആരെയോ സംരക്ഷിക്കാൻ വേണ്ടിയുളള ശ്രമമാണ് നടക്കുന്നത്. അവിടെയാണ് അതിജീവതയായ കുട്ടിയുടെ അഭിപ്രായം മുഖവുരയ്‌ക്കെടുക്കേണ്ടത്. ഇപ്പോൾ ഞങ്ങൾക്കും ഈ സംശയം ഉണ്ട്. വാശിയോടുകൂടി 'ക്ലബ്' എന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നത് എന്തിനു വേണ്ടിയാണ് ആർക്കു വേണ്ടിയാണ് എന്ന് പറയണം. കാരണം അതിജീവത്തായ കുട്ടിയുടെ ഒരു പരാമർശം ഞാൻ വായിച്ചിരുന്നു. 'അമ്മ'യിൽ നിന്ന് ഏതോ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്തോ ആനുകൂല്യമോ പണമോ ഒക്കെ കൈപറ്റിയിട്ടാണ് ആരോപണ വിധേയനായ ആ വ്യക്തിയോടൊപ്പം നിൽക്കുന്നത് എന്ന് ആ കുട്ടി പറയുന്നുണ്ട്. ആ കുട്ടി പറഞ്ഞതിനും മറുപടി ഇല്ലല്ലോ. 'അമ്മ' ക്ലബ് ആണ് എന്ന് പറയുമ്പോൾ അടുത്തിരുന്ന മോഹൻലാൽ ബാബുവിനെ തൊടുന്നുണ്ട്. പക്ഷെ അദ്ദേഹം തിരുത്തി പറഞ്ഞില്ല.

കുറ്റാരോപിതനായ ഒരാളെ സംരക്ഷിക്കുന്നതിന് വേണ്ടി 'അമ്മ' എന്ന സംഘടനയ്ക്ക് 'ക്ലബ്' എന്ന പേരിട്ടു നൽകിയ ഇടവേള ബാബു ആണോ 'അമ്മ'യെ അവഹേളിക്കുന്നത്, അതോ ഒരു നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്ന ഞാൻ ആണോ അവമതിപ്പുണ്ടാക്കുന്നത്. 27 കൊല്ലം 'അമ്മ'യ്ക്ക് അവമതിപ്പുണ്ടായിട്ടില്ല. ഞാൻ കൂടെ തന്നെ ഉണ്ടായിരുന്നു. അതിൽ എനിക്ക് സന്തോഷമേ ഒള്ളു. ഇന്നും ഞാൻ 'അമ്മ'യുടെ കൂടെ തന്നെ ഉണ്ട്. 'അമ്മ' നശിക്കാൻ പാടില്ല . പൊതുസമൂഹവും കേരളത്തിലെ മാധ്യമങ്ങളും 'അമ്മ'യെ ഉറ്റു നോക്കുമ്പോൾ അത് ഒരു ക്ലബ് ആണ് എന്ന് നിസാരവത്കരിക്കുന്നത് ആർക്കു വേണ്ടി. ആ സന്ദർഭം മാത്രം ചിന്തിച്ചാൽ മതി.

ക്ലബ് ആണെങ്കിൽ എന്നെ പോലെ ഒരുപാടാളുകൾക്ക് ക്ലബ്ബിൽ നിൽക്കാൻ താല്പര്യമില്ല. ആരോപണ വിധേയനായ വ്യക്തിക്ക് ഏഴ് ക്ലബുകളിൽ അംഗത്വമുണ്ടെന്നാണ് ഇടവേള ബാബു പറയുന്നത്. അത് ഏതൊക്കെ ക്ലബാണ് എന്നുകൂടി പറയട്ടെ. അതും ഫേസ്ബുക്ക് പോസ്റ്റിൽ പറയട്ടെ. അദ്ദേഹം ബാബുജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൽ അല്ലല്ലോ അംഗത്വം എടുത്തിരിക്കുന്നത്. അദ്ദേഹം ലയൺസ്‌ ക്ലബിൽ ഉണ്ടോ എന്നും എനിക്കറിയില്ല. ലയൺസ് ക്ലബിനെയും റോട്ടറി ക്ലബിനെയും കുറിച്ച് ഒന്നും ഇടവേള ബാബു ഇവിടെ പറയണ്ട. അതൊക്കെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. അവർ ആളുകളുടെ പശ്ചാത്തലങ്ങൾ ഒക്കെ പരിശോധിച്ചാണ് അംഗത്വം കൊടുക്കുന്നത്. അത് ബാബുവിന് അറിഞ്ഞുകൂടായിരിക്കും പക്ഷെ എനിക്കറിയാം. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായാൽ അവരെ അതിൽ നിന്ന് മാറ്റാനുള്ള നിയമാവലി ഈ ക്ലബുകൾക്ക് ഉണ്ട്.

'അമ്മ'യിൽ പല ബിസിനെസ്സുകളും ഉള്ളവർ ഉണ്ട്. അവർക്ക് സാമ്പത്തിക ഇടപാടുകളും ഉണ്ട്. എന്നാൽ വിജയ് ബാബുവിന്റെ അത്തരം ഒരു കേസ് അല്ല. മറ്റൊരു അതിജീവത വന്നപ്പോൾ എടുത്ത നിലപാട് ഇതിലും എടുക്കണം. അതാണ് എന്റെ പ്രെശ്നം. ക്ലബിന്റെ വിക്കിപീഡിയ അർഥമില്ല ഞാൻ ചോദിച്ചത്. അന്ന് പറഞ്ഞ നിലപാടിൽ തന്നെ ഞാൻ ഉറച്ചു നിൽക്കുകയാണ്. 'അമ്മ'യുടെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്ന ഇത്തരം പ്രസ്താവനകൾ നടത്തരുത്.

Story highlights: 'Mohanlal Should be asked resignation of Vijay Babu' ; I will resign if it is a 'club', says K B Ganesh Kumar

Next Story