Top

'ആക്രമിച്ചപ്പോള്‍ പ്രതിരോധിച്ചതാണ്'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിക്ക് കാണിച്ച് മോഹന്‍ദാസ്

6 Jan 2022 11:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആക്രമിച്ചപ്പോള്‍ പ്രതിരോധിച്ചതാണ്; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിക്ക് കാണിച്ച് മോഹന്‍ദാസ്
X

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ താന്‍ വെറുതെ ആക്രമിച്ചതല്ലെന്നും തന്നെ മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിച്ചതാണെന്നും മോഹന്‍ദാസ് പറയുന്നു. പൊലീസ് കൊണ്ടു പോവുന്നതിനിടെ തനിക്ക് പറ്റിയ പരിക്കും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. ഇയാളുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. താന്‍ ഫേസ്മസ് ആവാന്‍ വേണ്ടി ചെയ്തതാണെന്നാണ് അവര്‍ പറയുന്നതെന്നും എന്നാല്‍ താന്‍ ആക്രമണത്തെ പ്രതിരോധിച്ചതാണെന്നും മോഹന്‍ ദാസ് പറഞ്ഞു. സ്റ്റേഷന് സമീപം കരഞ്ഞുകൊണ്ട് മോഹന്‍ദാസിന്റെ ഭാര്യയും ഉണ്ടായിരുന്നു.

മോഹന്‍ദാസിനെ ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ഭര്‍ത്താവിന്റെ ഫോണ്‍ എറിഞ്ഞ് പൊട്ടിച്ചതായും മുണ്ട് വലിച്ചൂരിയതായും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളെല്ലാം ബിന്ദു അമ്മിണിയുടെ ഭാഗം മാത്രമാണ് കേള്‍ക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. 'ഞങ്ങളെ അക്രമിച്ചതും ദൃശ്യങ്ങളിലുണ്ട്. അത് ഞങ്ങളും കേസാക്കും. കാരണം ഇദ്ദേഹം കൊണ്ടു വന്നിട്ട് വേണം ഞാനും എന്റെ കുടുംബവും ജീവിക്കാന്‍. ഞങ്ങള്‍ വാടകയ്ക്കാണ് താമസിക്കുന്നത്', ഭാര്യ പറഞ്ഞു.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീഡിയോയില്‍ ബിന്ദു അമ്മിണി ആക്രമണം ചെറുക്കുന്നതായും മര്‍ദ്ദിച്ചയാളുടെ ഫോണ്‍ തല്ലിത്തകര്‍ക്കുന്നതായും കാണാം. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിരുന്നു. ഐപിസി 323,509 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിക്കെതിരെ നേരത്തെയും അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊയിലാണ്ടി പൊയില്‍ കാവില്‍ ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചിരുന്നു. മനപ്പൂര്‍വം ഇടിച്ചു വീഴ്ത്തി കടന്നു കളയുകയായിരുന്നെന്നാണ് ബിന്ദു അമ്മിണി ആരോപിച്ചത്. പിന്നീടൊരിക്കല്‍ പൊയില്‍ക്കാവ് വെസ്റ്റ്ഹില്ലിലേക്ക് പോവുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞെന്നു കാട്ടി ബിന്ദു അമ്മി പരാതി നല്‍കിയിരുന്നു, മറ്റൊരിക്കല്‍ കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വെച്ച് ബിന്ദു അമ്മിണിക്കെതിരെ മുളുകുപൊടി സ്‌പ്രേ ആക്രമണവുമുണ്ടായി.

Next Story

Popular Stories