'ബാക്കിവെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം'; ബാലാജി കോഫി ഹൗസിലേക്ക് മടങ്ങിയെത്തി മോഹന
തിരിച്ചുവരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന സമ്മതിക്കുന്നു. പക്ഷെ ഒറ്റക്കാര്യം മാത്രം, 'അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.'
11 Dec 2021 3:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക സഞ്ചാരി കെആര്‍ വിജയന്റെ മരണത്തോടെ അടഞ്ഞുകിട ശ്രീ ബാലാജി കോഫി ഹൗസിലേക്ക് വീണ്ടുമെത്തി ഭാര്യ മോഹന. തന്റെ പങ്കാളിയുടെ സാന്നിധ്യമുള്ളിടത്തേക്കുള്ള തിരിച്ചുവരവ് ഒറ്റപ്പെടല്‍ ഇല്ലാതാക്കാനുള്ള വഴിയാണ് മോഹനക്ക്. ഇവിടേക്കുള്ള വരവ് വലിയ എനര്‍ജി തരുന്നതാണെന്ന് മോഹന പറഞ്ഞു. പക്ഷെ ഒറ്റക്കാര്യം മാത്രം, 'അദ്ദേഹം ഉണ്ടാക്കുന്ന ചായയുടെ രുചി മറ്റാരുണ്ടാക്കിയാലും കിട്ടില്ല.'
വിജയന്റെ കൈപിടിച്ചുകൊണ്ടുള്ള യാത്രകള്‍ നല്‍കിയ ആത്മവിശ്വാസവും കരുത്തും ചെറുതായിരുന്നില്ല മോഹനക്ക്. പതിയെ യാത്രകളെ തിരിച്ചുപിടിക്കണമെന്നാണ് ആഗ്രഹം. വിജയന്‍ ബാക്കിവെച്ച ജപ്പാന്‍ യാത്ര പൂര്‍ത്തിയാക്കണം. 'അദ്ദേഹമില്ലാതെ ഞാന്‍ എവിടേയും പോയില്ലെങ്കിലും ആരോഗ്യമുണ്ടെങ്കില്‍ യാത്ര തുടരണം.' മോഹന പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര തുടരാനാണ് നിലവിലെ പദ്ധതി.
മോഹനക്കൊപ്പം റഷ്യന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയായിരുന്നു വിജയന്റെ വിയോഗം. അദ്ദേഹത്തിന്റെ മരണശേഷം നിരവധി പേര്‍ മോഹനയെ യാത്രക്കൊപ്പം വിളിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയിരുന്നില്ല. നിലവില്‍ ഇളയ മകള്‍ ഉഷയും ഭര്‍ത്താവ് മുരളീധര പൈയുമാണ് കടയിലുള്ളത്. മുമ്പ് അച്ഛന്റെ കൂടിയിരുന്ന് ഈ പണികളെല്ലാം വശത്താക്കിയതിനാല്‍ കടയുടെ മുന്നോട്ട് പോക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.
നവംബര്‍ 19 ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിജയന്‍ മരണപ്പെട്ടത്. പതിനാറ് വര്‍ഷം കൊണ്ട് 26 രാജ്യങ്ങളിലാണ് വിജയനും മോഹനയും സന്ദര്‍ശിച്ചത്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് ഇരുവരും ലോക സഞ്ചാരം നടത്തിയിരുന്നത്. 2007 ല്‍ ഈജിപ്തിലേക്കായിരുന്നു ആദ്യ വിദേശയാത്ര. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഒടുവിലത്തെ റഷ്യന്‍ യാത്ര.
ഇരുപത്തിയേഴ് വര്‍ഷമായി ശ്രീ ബാലാജി കോഫി ഹൗസ് എന്ന കട നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകം ചുറ്റിക്കാണണം എന്ന ആഗ്രഹത്താല്‍ ചായക്കടയിലെ തുച്ഛമായ വരുമാനത്തില്‍ നിന്ന് പണം കണ്ടെത്തിയാണ് ഇവര്‍ യാത്ര പുറപ്പെടാറുള്ളത്. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും മൂന്നൂറ് രൂപയോളം മാറ്റിവയ്ക്കും. വീണ്ടും പണം വേണ്ടിവരുമ്പോള്‍ ബാങ്കില്‍ നിന്ന് ലോണെടുക്കും. യാത്ര കഴിഞ്ഞ് തിരികെയെത്തി ചയക്കടയിലൂടെ തന്നെ ലോണ്‍ അടയ്ക്കാനുള്ള പണം കണ്ടെത്തി കടം വീട്ടും. അങ്ങനെയാണ് വിജയന്‍ ഭാര്യയ്‌ക്കൊപ്പം 26 രാജ്യങ്ങള്‍ ചൂറ്റിക്കണ്ടത്.