Top

'കയ്യിലില്ലാത്ത ഡിവൈസുകള്‍ എങ്ങനെ കൈമാറും'; കണ്ടെടുക്കാന്‍ പൊലീസിനെ വെല്ലുവിളിച്ച് മൊഹമ്മദ് സുബൈര്‍

ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുബൈറിനെ ഡല്‍ഹി കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

28 Jun 2022 6:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കയ്യിലില്ലാത്ത ഡിവൈസുകള്‍ എങ്ങനെ കൈമാറും; കണ്ടെടുക്കാന്‍ പൊലീസിനെ വെല്ലുവിളിച്ച് മൊഹമ്മദ് സുബൈര്‍
X

ന്യൂഡെല്‍ഹി: ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ താന്‍ 2018-ല്‍ ഉപയോഗിച്ചിരുന്ന ഇലക്ടോണിക് ഉപകരണങ്ങള്‍ ഡല്‍ഹി പൊലീസിന് കൈമാറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ആസ്പദമായ ട്വീറ്റ് പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണം ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് കണ്ടെടുക്കാന്‍ ഡല്‍ഹി പോലീസ് സംഘത്തെ സുബൈര്‍ വെല്ലുവിളിച്ചുവെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റ് നഷ്ടപ്പെട്ടതായും ഇയാള്‍ പൊലിസിനെ അറിയിച്ചു.

ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുബൈറിനെ ഡല്‍ഹി കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. എന്നാല്‍ ബെംഗളൂരുവിലെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ സുബൈറിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ പൊലീസ് ആവശ്യപ്പെടും.

തിങ്കളാഴ്ച്ച വൈകുന്നേരമാണ് സുബൈറിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സമൂഹത്തില്‍ വിവിധ ജാതി- മത- ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കുക, മതത്തെയോ മതവികാരത്തേയോ വ്രണപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ഡല്‍ഹി സൈബര്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര അറിയിച്ചിരിക്കുന്നത്. 2018 ലെ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്.

2020 ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റെന്ന് ആള്‍ട്ട് ന്യൂസിന്റെ മറ്റൊരു സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തിരുന്നു. ഈ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. കേസിന്റെ എഫ്ഐആര്‍ കോപ്പി പോലും നല്‍കാതെയാണ് അറസ്റ്റെന്നും പ്രതീക് സിന്‍ഹ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും നെയിം ടാഗ് ധരിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം പ്രതീക് സിന്‍ഹ ഉന്നയിച്ചിരുന്നു.

ഒരൊറ്റ ട്വീറ്റ് മാത്രമുള്ള ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടിന്റെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഹനുമാന്‍ ഭക്ത് എന്ന പേരും ബാലാജി കി ജെയ്ന്‍ എന്ന യൂസര്‍ നെയിമുമുള്ള ട്വിറ്റര്‍ ഹാന്റിലാണിത്. സുബൈറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ആകെ ഒരു ഫോളാവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

Next Story