Top

'ജോജു ജോർജ് സംഭവമാകാം' യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത്; കടുവ സെറ്റിലേക്കുള്ള മാർച്ചിനെക്കുറിച്ച് മുഹമ്മദ് ഷിയാസ്

പൊതുനിരത്തിൽ സമരം ചെയ്യാൻ കഴിയില്ലെങ്കിൽ പൊതുനിരത്തിൽ ഷൂട്ടിങ്ങും നടത്താൻ കഴിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.

7 Nov 2021 11:52 AM GMT
ഫിൽമി റിപ്പോർട്ടർ

ജോജു ജോർജ് സംഭവമാകാം യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത്; കടുവ സെറ്റിലേക്കുള്ള മാർച്ചിനെക്കുറിച്ച് മുഹമ്മദ് ഷിയാസ്
X

ജോജു ജോർജ് സംഭവം യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത് മൂലമാകാം കടുവ സെറ്റിലേക്കുള്ള മാർച്ചുണ്ടായത് എന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുനിരത്തിൽ സമരം ചെയ്യാൻ കഴിയില്ലെങ്കിൽ പൊതുനിരത്തിൽ ഷൂട്ടിങ്ങും നടത്താൻ കഴിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഹമ്മദ് ഷിയാസിന്റെ വാക്കുകൾ:

കഴിഞ്ഞ ദിവസം എറണാകുളത്ത് നിരായുധരായ ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന നികുതി വർധനവിനെതിരെ നടത്തിയ സമരത്തിനിടയിലേക്ക് ജോജു ജോർജ് എന്ന കലാകാരൻ വന്നു കാണിച്ച പ്രകടനമായിരിക്കാം യൂത്ത് കോൺഗ്രസിനെ ചൊടിപ്പിച്ചത്. പൊതുനിരത്തിൽ സമരം ചെയ്യാൻ കഴിയില്ലെങ്കിൽ പൊതുനിരത്തിൽ ഷൂട്ടിങ്ങും നടത്താൻ കഴിയില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്. എല്ലാ പാർട്ടികളും നടത്തുന്ന സമരമുറയാണ് വഴിതടയൽ എന്നത്. ഇന്ന മ്രഗത്തിലൂടെയാണ് ചെയ്യേണ്ടത് എന്ന് പറയാൻ സിനിമാക്കാർക്ക് സാധിക്കില്ലല്ലോ. ജനങ്ങളെ കുറ്റപ്പെടുത്താൻ എങ്ങനെയാണ് ഒരു കലാകാരന് കഴിയുക? ബോധമുള്ള ഒരു കലാകാരന് അത് കഴിയില്ല. അതാണ് ഞങ്ങൾ സ്വബോധമില്ലെന്ന് പറഞ്ഞത്.

കാഞ്ഞിരപ്പള്ളിയിൽ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്നാരോപിച്ചായിരുന്നു കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പൊൻകുന്നത്തെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ തടഞ്ഞു. ഇതോടെ ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരെ നീക്കം ചെയ്യുകയായിരുന്നു.

Next Story