Top

'മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ല'; സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് മുഹമ്മദ് റിയാസ്

8 Jun 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ല; സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് മുഹമ്മദ് റിയാസ്
X

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016 ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ആരോപണങ്ങള്‍ ചില രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. ഒരു ഇടവേളയ്ക്കുശേഷം പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണ്. ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി പറഞ്ഞു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതെ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താല്പര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ച തുടര്‍നുണക്കഥകള്‍ ഇപ്പോള്‍ വീണ്ടും രംഗത്തിറക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.

STORY HIGHLIGHTS: Mohammad Riyas has said that there is nothing more to be said than what the Chief Minister and the party secretary said in the allegation of Swapna Suresh

Next Story