Top

മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും.

24 Nov 2021 2:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍
X

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും പിടിയില്‍. ഭര്‍ത്താവ് മുഹമ്മദ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസഫ്, ഭാര്യ റുഖിയ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു മൂന്നു പേരും.

രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് ഇവരെ പിടികൂടിയത്. ആത്മഹത്യ പ്രേരണകുറ്റമാണ് മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മൂന്നുപേരെയും റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യും.

ഭര്‍ത്താവ് സുഹൈലിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് മോഫിയ ആത്മഹത്യ കുറിപ്പില്‍ ഉന്നയിച്ചിരുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ നേരിടേണ്ടി വന്ന കടുത്ത മാനസികപീഡനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് മോഫിയ ആത്മഹത്യ ചെയ്തത്. സ്ത്രീധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് മാനസികവും ശാരീരികവുമായും ഭര്‍ത്താവ് സുഹൈലും കുടുംബവും ഉപദ്രവിക്കുമായിരുന്നു. എല്ലാം ക്ഷമിച്ചും സഹിച്ചും ദിവസങ്ങളോളം മോഫിയ പിടിച്ചു നിന്നു. നിവൃത്തികെട്ടപ്പോഴാണ് വീട്ടുകാരെ വിവരങ്ങള്‍ അറിയിച്ചത്. ഒക്ടോബര്‍ 28ന് ഭര്‍ത്താവ് ആലുവ പള്ളിയില്‍ തലാഖ് നോട്ടീസ് നല്‍കി. അതില്‍ സഹകരിച്ചിരുന്നില്ല. പിന്നീടാണ് പൊലീസില്‍ പരാതിപ്പെട്ടത്. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യയെന്നും മോഫിയയുടെ കുടുംബം പ്രതികരിച്ചിരുന്നു.

ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കാന്‍ എത്തിയപ്പോള്‍, ആലുവ സിഐ സുധീര്‍ അവഹേളിച്ചുവെന്നും മോഫിയ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് തന്നെയും കുടുംബത്തെയും സുധീര്‍ അധിക്ഷേപിച്ചു എന്നാണ് ആരോപണം.

Next Story