Top

മോഫിയയുടെ മരണം; ഒന്നാം പ്രതിക്ക് വേണ്ടി കോണ്‍ഗ്രസ് ഒത്താശ, സിസി ടിവിയില്‍ നേതാക്കള്‍

സ്ത്രീ പീഡനക്കേസിലെ പ്രതികളും കോണ്‍ഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്ന് സിപിഐഎം

26 Nov 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ മരണം; ഒന്നാം പ്രതിക്ക് വേണ്ടി കോണ്‍ഗ്രസ് ഒത്താശ, സിസി ടിവിയില്‍ നേതാക്കള്‍
X

ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വേണ്ടി ഒത്താശയുമായി ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍. കേസിലെ ഒന്നാം പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ മുഹമ്മദ് സുഹൈലിന് വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കാള്‍ പൊലീസിനെ സമീപിച്ചത്.

മുന്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹിയുമായ നേതാവും ബൂത്ത് പ്രസിഡന്റുമാണ് സുഹൈലിന് വേണ്ടി സംസാരിക്കാനെത്തിയത്. സുഹൈലിന്റെ ബന്ധു കൂടിയാണ് ബൂത്ത് പ്രസിഡന്റ്. ആലുവ പൊലീസ് സ്റ്റേഷനിലെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞത്.

പ്രതികള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ സ്‌റ്റേഷനില്‍ എത്തിയതില്‍ പ്രതികരണവുമായി സിപിഐഎമ്മും രംഗത്തെത്തി. കോണ്‍ഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവച്ചാണ് കേസില്‍ സിപിഐഎം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാര്‍ട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാര്‍ പറഞ്ഞു. നിലവില്‍ സ്ത്രീ പീഡനക്കേസിലെ പ്രതികളും കോണ്‍ഗ്രസിനു വേണ്ടി സമര രംഗത്തുണ്ടെന്നും ഉദയകുമാര്‍ വ്യക്തമാക്കി.

അതേസമയം, മോഫിയ ക്രൂരപീഡനങ്ങള്‍ക്കാണ് ഇരയായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭര്‍തൃമാതാവ് സ്ഥിരമായി മോഫിയയെ ഉപദ്രവിച്ചിരുന്നെന്നും സുഹൈല്‍ ശരീരത്തില്‍ പലതവണ മുറിവേല്‍പ്പിച്ചിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സുഹൈല്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോഫിയയെ മാനസിക രോഗിയായി ചിത്രീകരിച്ചുവെന്ന ആരോപണം ശരിവയ്ക്കുന്നത് കൂടിയാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി മന്ത്രി പി രാജീവ് അറിയിച്ചു. മോഫിയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു രാജീവിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ടെന്ന് മോഫിയയുടെ പിതാവ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. എന്ത് പരാതിയുണ്ടെങ്കിയും നേരിട്ട് വിളിയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നും പിതാവ് ദില്‍ഷാദ് പ്രതികരിച്ചു.




Next Story

Popular Stories