Top

മോഫിയയുടെ ആത്മഹത്യ; കുറ്റപത്രത്തില്‍ നിന്ന് സിഐയെ ഒഴിവാക്കിയതിനെതിരെ കുടുംബം, ഹൈക്കോടതിയെ സമീപിക്കും

19 Jan 2022 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഫിയയുടെ ആത്മഹത്യ; കുറ്റപത്രത്തില്‍ നിന്ന് സിഐയെ ഒഴിവാക്കിയതിനെതിരെ കുടുംബം, ഹൈക്കോടതിയെ സമീപിക്കും
X

എറണാകുളം ആലുവയില്‍ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന് എതിരെ പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്ത മോഫിയ പര്‍വീണ്‍ ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ച ആലുവ ഈസ്റ്റ് സിഐ സുധീറിനെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചതാണ് കുടുംബത്തിന്റെ എതിര്‍പ്പിന് കാരണം.

മകളുടെ ആത്മഹത്യാ കുറിപ്പ് സി ഐ ക്ക് എതിരായ തെളിവാണ്, പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കുടുതല്‍ തെളിവ് ലഭിക്കുകയും ചെയ്യും. എന്നാല്‍ സിഐയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായെന്നും മോഫിയയുടെ പിതാന് ദില്‍ഷാദ് പ്രതികരിച്ചു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന് എതിരെ ഹൈക്കോടതിയെ സമീപിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷമായിരിക്കും നടപടിയെന്നും പിതാവ് ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം നല്ല രീതിയില്‍ ആയിരുന്നു നടന്നത്. പക്ഷെ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. സിഐ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. മോഫിയയുടെ ഭര്‍ത്താവിന്റെ സഹോദരന്‍ ഉള്‍പ്പെടെ സംഭവത്തില്‍ പ്രതികളാണ് എന്നും ദില്‍ഷാദ് ആരോപിക്കുന്നു. കേസില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയ സിഐ സുധീറിനെ സംരക്ഷിക്കാന്‍ രാഷ്ട്രീയ, ഉദ്യോഗസ്ഥത തലത്തില്‍ സമ്മര്‍ദം ഉണ്ടായിട്ടുണ്ട്. സിഐയുടെ ഇടപെടലിന് സാക്ഷികളായുള്ളത് താനും മകളും പൊലീസുകാരും മാത്രമാണ്. പിന്നെ എങ്ങനെയാണ് സാക്ഷികള്‍ ഉണ്ടാവുക. കഴിഞ്ഞ ദിവസം അസിസ്റ്റന്റ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ പോലും സി ഐ സുധീര്‍ മോശമായി പെരുമാറിയെന്നും ദില്‍ഷാദ് ആരോപിക്കന്നു.

ചൊവ്വാഴ്ചയായിരുന്നു ആലുവയില്‍ നിയമ വിദ്യാര്‍ത്ഥി മോഫിയ പര്‍വിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്്. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ എം.പി ബി. രാജീവാണ് കുറ്റപത്രം സമപ്പിച്ചത്. ഭര്‍ത്താവ് സുഹൈല്‍, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. കേസില്‍ സുഹൈല്‍ ഒന്നാം പ്രതിയും സുഹൈലിന്റെ മാതാപിതാക്കള്‍ രണ്ടും മൂന്നും പ്രതികളാണ്.

സുഹൈലിന്റെ ക്രൂരമര്‍ദനമാണ് മോഫിയയുടെ ആത്മഹത്യയിലേക്ക് വഴിവെച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഫിയ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായെന്നും കുറ്റപത്രത്തിലുണ്ട്. ഒന്നരമാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം.

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വീണിനെ (21) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ആലുവ സിഐക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ സിഐ അപമാനിച്ചതായും അസഭ്യം പറഞ്ഞെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. മരണത്തിന് എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീണിന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് മോഫിയയും സുഹൈലും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്യുകയായിരുന്നു.

Next Story

Popular Stories