Top

'എന്റെ മകള്‍ തൊട്ടാവാടിയായിരുന്നില്ല, നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിക്കാം'; മോഫിയയുടെ ഉമ്മക്ക് പറയാനുള്ളത്

എനിക്ക് കൂടുതലൊന്നും പറയാനില്ല. ഞാന്‍ ഈ സമയത്ത് പ്രതികരിച്ചില്ലെങ്കില്‍ നാളെ എനിക്ക് തോന്നും മകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോയെന്ന്...

25 Nov 2021 6:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ മകള്‍ തൊട്ടാവാടിയായിരുന്നില്ല, നീതിക്കായി മുഖ്യമന്ത്രിയുടെ കാലുപിടിക്കാം; മോഫിയയുടെ ഉമ്മക്ക് പറയാനുള്ളത്
X

മകള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരേയും പോകുമെന്ന് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയ പര്‍വ്വിണിന്റെ മാതാവ്. മോള്‍ടെ നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെയോ പൊലീസിന്റെയോ കാലുപിടിക്കാം. ഒരമ്മയുടെ വേദനയായി കാണണം. ഇതില്‍ നിങ്ങള്‍ രാഷ്ട്രീയം കാണരുതെന്നും ഉമ്മ ഫാരിസ പറഞ്ഞു. സിഐ സുധീറിനെ സ്ഥലം മാറ്റിയാല്‍ ഇത്തരം അനുഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും, അത് സംഭവിക്കരുതെന്നും അമ്മ മുന്നറിയിപ്പ് നല്‍കിയത്.

ഫാരിസയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-

എന്റെ മോള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാണ് ഞാന്‍ ഇന്ന് സമരപന്തലിലെത്തിയത്. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരുപാടുപേര് നീതിക്കായി സമരം ചെയ്യുന്നുണ്ട്. അവള്‍ക്ക് വേണ്ടി ഉമ്മ ഒന്നും ചെയ്യുന്നില്ലെന്ന് മകള്‍ക്ക് തോന്നരുത്. അങ്ങനെയാണ് രാവിലെ മോള്‍ടെ ഖബറിന്റെ അടുത്ത് പോകുന്നത്. ഞാന്‍ നിസ്സഹായയാണെന്ന് എനിക്ക് അറിയാം. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ ഇതിനായി പ്രതികരിക്കണം. നീതി കിട്ടണം. മോള്‍ മരിച്ചെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇനിയും മോഫിയമാര്‍ ഉണ്ടാവും. അങ്ങനെ സംഭവിക്കരുത്.

മോള്‍ടെ നീതിക്ക് വേണ്ടി മുഖ്യമന്ത്രിയുടെയോ പൊലീസിന്റെയോ കാലുപിടിക്കാം. ഒരമ്മയുടെ വേദനയായി കാണണം. ഇതില്‍ നിങ്ങള്‍ രാഷ്ട്രീയം കാണരുത്. ഒരമ്മക്കും അവരുടെ മകള്‍ക്കും നീതി കിട്ടണം എന്ന് മാത്രം ചിന്തിക്കുക. താന്‍ അധികാരത്തിലിരുന്നപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് തോന്നരുത്. അദ്ദേഹത്തിനും മകളില്ലേ. കൊച്ചുമക്കളുണ്ട്.

പൊലീസുകാരന്‍ വീട്ടിലെത്തിയാല്‍ അവിടെ അദ്ദേഹത്തിന് ഒരു മകളില്ലേ. അതിന്റെ മുഖത്തേക്ക് ഒന്നു നോക്കുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമായിരുന്നു. അതിന്റെ അമ്മ എന്തായിരിക്കും നേരിടുന്നതെന്ന് ചിന്തിക്കാമായിരുന്നു. അവിടെ നമ്മള്‍ ഒരമ്മയും അച്ഛനും മാത്രമായിരിക്കില്ലേ. അങ്ങനെയാണെങ്കില്‍ എന്റെ മകള്‍ ഇന്ന് ജീവിച്ചിരുന്നേനെ.

എനിക്ക് കൂടുതലൊന്നും പറയാനില്ല. ഞാന്‍ ഈ സമയത്ത് പ്രതികരിച്ചില്ലെങ്കില്‍ നാളെ എനിക്ക് തോന്നും മകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലല്ലോയെന്ന്. എന്റെ മാനസികാവസ്ഥ തകര്‍ന്നിരിക്കുകയാണ്.കണ്ണുനീരില്ലിനി. സമരം ചെയ്ത് മരിച്ചാലും എനിക്ക് പ്രശ്‌നമില്ല. എന്റെ മകള്‍ക്ക് നീതി കിട്ടിയില്ലെങ്കില്‍ അതായിരിക്കും എനിക്ക് സംഭവിക്കുന്നത്.

'നിയമത്തിന് മുന്നില്‍ ഞാന്‍ മാനസിക രോഗിയാണ്. അതിനാല്‍ എനിക്ക് നീതി കിട്ടില്ല. ഞാന്‍ മാനസിക രോഗിയാണല്ലോ' എന്നായിരുന്നു മകള്‍ മരിക്കുന്നതിന് മുമ്പ് എന്നോട് പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലായെന്ന് തെളിയിക്കാന്‍ ഇവിടെ ഡോക്ടര്‍മാരുണ്ടല്ലോയെന്ന് ഞാന്‍ മോളോട് പറഞ്ഞിരുന്നു. ഏതറ്റം വരേയും പോകാന്‍ ഉമ്മ ഉണ്ടാവുമെന്നും അവളോട് പറഞ്ഞിരുന്നു. അതുപറഞ്ഞാണ് അവളെ വിശ്രമിക്കാന്‍ വിട്ടത്.

പിന്നാലെ ഞാന്‍ അവന് മെസ്സേജ് അയച്ചു. അഡ്വക്കേറ്റിനെ വിളിച്ചു. സ്റ്റേഷനില്‍വെച്ച് അവനെ തല്ലിയതില്‍ മകള്‍ക്ക് ചെറിയ ഭയമുണ്ടായിരുന്നു. സി ഐ ആക്രോശിച്ചിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന ഭയമായിരുന്നു മോള്‍ക്ക്. നീതി കിട്ടുമെന്ന് അവള്‍ പ്രതീക്ഷിച്ചിരുന്നു. ബോള്‍ഡ് ആയ കുട്ടിയായിരുന്നു. തൊട്ടാര്‍വാടിയല്ല. പാറി നടക്കുന്ന മോളായിരുന്നു.

സിഐക്ക് സ്ഥലംമാറ്റം ഉണ്ടായാല്‍ അവിടെയും പെണ്‍കുട്ടികള്‍ വരും. ഇതേ അനുഭവം അല്ലേ നേരിടുക. ഭയമില്ലാതെ കയറി ചെല്ലാന്‍ പറ്റുന്ന ഇടമായിരിക്കണം പൊലീസ് സ്റ്റേഷന്‍. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റും. അദ്ദേഹത്തിന്റെ കീഴിലാണ് പൊലീസ് സേന. അദ്ദേഹത്തിന്റെ മകളാണെങ്കില്‍ ഈ അവസ്ഥ വന്നാല്‍ എന്ത് ചെയ്യും എന്ന് മാത്രം ആലോചിക്കുക. എല്ലാ അമ്മമാര്‍ക്കും മക്കള്‍ കുഞ്ഞാണ്.

ഐഎഎസ് ഉള്‍പ്പെടെ ഭയങ്കര ആഗ്രഹങ്ങളുള്ള കുട്ടിയാണവള്‍. തളരില്ലായിരുന്നു.




Next Story