സുഹൈലിന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചത് ഡോക്ടറായ മരുമകളെ; മൊഫിയയെ ഒഴിവാക്കാന്‍ ശ്രമം നടന്നതായും അന്വേഷണ സംഘം
4 Dec 2021 3:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മൊഫിയയുടെ ആത്മഹത്യാക്കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് വധുവായി ഒരു ഡോക്ടറെ വേണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹമെന്ന് അന്വേഷണ സംഘം. ഇക്കാര്യം പറഞ്ഞ് നിക്കാഹിനു ശേഷവും മൊഫിയയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. സുഹൈലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച മൊഫിയയുടെ ശബ്ദസന്ദേശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. വിവാഹ ശേഷം മോഫിയ നേരിട്ട ഉപദ്രവങ്ങള്‍ ഈ ശബ്ദസന്ദേശങ്ങളില് നിന്ന് വ്യക്തമാണ്.
മൊഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താന്‍ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയിരുന്നു. പിണങ്ങി വീട്ടിലേക്ക് മടങ്ങിയ മൊഫിയയെ ഒരിക്കല്‍ ഒത്തുതീര്‍പ്പെന്ന പേരില്‍ ആലുവ ടൗണ്‍ ജുമാ മസ്ജിദ് വഴി ചര്‍ച്ചക്ക് വിളിപ്പിച്ചു. എന്നാല്‍ ചര്‍ച്ച മുഴുമിപ്പിക്കാതെ സുഹൈല്‍ ഇറങ്ങിപ്പോയതായും അന്വേഷണ സംഘം കണ്ടെത്തി. സുഹൈല്‍, സുഹൈലിന്റെ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
ഭര്‍തൃവീട്ടുകാരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയായ മോഫിയ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കാന് എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇന്നലെ മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സി ഐ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം.
മോഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പിന്നാലെ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
- TAGS:
- Mofia Death
- Mofia Parveen