Top

'രൂപമാറ്റം വരുത്തിയ ബസുകള്‍ക്ക് അനുമതിയില്ല': എറണാകുളത്തെ സ്‌കൂളിലെ വിനോദ യാത്ര റദ്ദാക്കി

മൂന്നു ബസുകളിലാണ് വിദ്യാര്‍ഥികളുടെ യാത്ര നിശ്ചയിച്ചിരുന്നത്.

6 Oct 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രൂപമാറ്റം വരുത്തിയ ബസുകള്‍ക്ക് അനുമതിയില്ല: എറണാകുളത്തെ സ്‌കൂളിലെ വിനോദ യാത്ര റദ്ദാക്കി
X

രൂപമാറ്റം വരുത്തിയ ബസുകള്‍ക്ക് ആര്‍ടിഒ യാത്രാഅനുമതി നല്‍കാത്തതിനെ തുടര്‍ന്ന് വിനോദ യാത്രകള്‍ റദ്ദാക്കി. എറണാകുളം പെരുമ്പടപ്പ് സെന്റ് ജൂലിയാന സ്‌കൂളിലെ വിനോദയാത്രയാണ് റദ്ദാക്കിയത്.

മൂന്നു ബസുകളിലാണ് വിദ്യാര്‍ഥികളുടെ യാത്ര നിശ്ചയിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് രൂപമാറ്റം കണ്ടെത്തിയത്. തുടര്‍ന്ന് ആര്‍ടിഒ യാത്രാ അനുമതി നിഷേധിക്കുകയായിരുന്നു.

അതേസമയം, സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ആറു വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2020 മാര്‍ച്ച് രണ്ടിലെ ഉത്തരവിലൂടെ കൂടുതല്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാര്‍ഥികള്‍ക്കും ഇത് സംബന്ധിച്ച് മുന്‍കൂട്ടി അറിവ് നല്‍കണം.

അപകടകരമായ സ്ഥലങ്ങളില്‍ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Next Story