Top

'ഇവിടെയുള്ളത് കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രം'; പൊതുസമ്മതരായ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മോദി

ലോകത്ത് നടക്കുന്ന വികസനം നേരില്‍ കാണുന്ന മലയാളിക്ക് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വികസന മുന്നേറ്റവും തിരിച്ചറിയാന്‍ സാധിക്കും

3 Sep 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവിടെയുള്ളത് കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രം;  പൊതുസമ്മതരായ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് മോദി
X

കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പോടെ രാജ്യത്ത് കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസില്‍ പല പ്രമുഖരും പുറത്തുവരും. ഈ അവസരം ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ബിജെപി നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. താജ് മലബാറില്‍ വ്യാഴാഴ്ച്ച രാത്രി നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

'കേരളത്തിലും അതിന്റെ മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിയണം. രാജ്യത്തെ വികസന മുന്നേറ്റത്തില്‍ മലയാളിക്ക് മാത്രമായി മാറി നില്‍ക്കാന്‍ സാധിക്കില്ല. ലോകം മുഴുവന്‍ സഞ്ചരിക്കുന്നവരാണ് അവര്‍. ലോകത്ത് നടക്കുന്ന വികസനം നേരില്‍ കാണുന്ന മലയാളിക്ക് രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വികസന മുന്നേറ്റവും തിരിച്ചറിയാന്‍ സാധിക്കും'. പ്രധാനമന്ത്രി പറഞ്ഞു.

ബൂത്തുകളില്‍ പാര്‍ട്ടിക്ക് നല്ല ശക്തി ഉണ്ടാകണം. ജില്ലാ കമ്മിറ്റികളോ മേല്‍ കമ്മിറ്റികളോ അല്ല ശക്തിപ്പെടുത്തേണ്ടതെന്നും മോദി ബിജെപി നോതാക്കളോട് പറഞ്ഞു. പൊതുസമ്മതരായ ആളുകളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത്. കണ്ട് പരിചയിച്ച മുഖങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. പുതിയവര്‍ വരണം ഇക്കാര്യത്തില്‍ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അവിടെ നിരവധി പ്രമുഖരെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരിക്കണം പ്രവര്‍ത്തനം. കേരളത്തില്‍ പ്രാതിനിധ്യം ഉറപ്പാക്കണം. കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കണം. അതിനായി പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ബിജെപി നേതാക്കളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രഭാരി സി പി രാധാകൃഷ്ണന്‍, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Story highlights: Modi wants to bring new faces to leadership in Kerala

Next Story