'മോദി അടിസ്ഥാനപരമായ വികസനത്തിന് മുന്‍കൈ എടുത്തു, കെ റെയിലിന് അനുമതി തരാതെ നിവൃത്തിയില്ല'; സജി ചെറിയാന്‍
ഇടതുപക്ഷത്തെ അടിക്കാന്‍ കിട്ടിയ വടിയായിട്ടാണ് സംസ്ഥാനത്തെ ബിജെപി ഈ സമരത്തെ കാണുന്നത്.
25 March 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍. അടിസ്ഥാന വികസനത്തിന് മുന്‍കൈയെടുത്തയാളാണ് പ്രധാനമന്ത്രിയെന്ന് മനോരമ ന്യൂസ് അഭിമുഖത്തില്‍ സജി ചെറിയാന്‍ വ്യക്തമാക്കി. ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുകയല്ലെന്ന് മുഖവുരയോടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന. കെ റെയില്‍ പദ്ധതിക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മന്ത്രിയുടെ വാക്കുകള്‍;
''ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുകയല്ല, ബിജെപി ഗവണ്‍മെന്റ് വന്ന ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു കാര്യത്തില്‍ മുന്‍കൈയെടുത്തു. അതായത് നമ്മുടെ അടിസ്ഥാനപരമായ വികസനത്തിന്. അങ്ങനെയൊരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുമ്പോള്‍ ആ നിലപാടിനൊപ്പം സംസ്ഥാനവും മുന്നോട്ടുപോകും. കെ റെയിലിന് പിന്തുണയ്ക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല, കാരണം ഇന്ത്യയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ ഡിപിആര്‍ എങ്ങനെയാണ് തള്ളുന്നത്. കേന്ദ്ര ഗവണ്‍മെന്റ് അംഗീകരിച്ചല്ലോ.
കേരളത്തില്‍ പ്രതിഷേധിക്കുന്ന ബിജെപിക്ക് ഇതെല്ലാമറിയാം. ഇടതുപക്ഷത്തെ അടിക്കാന്‍ കിട്ടിയ വടിയായിട്ടാണ് സംസ്ഥാനത്തെ ബിജെപി ഈ സമരത്തെ കാണുന്നത്. ഈ രാഷ്ട്രീയ സമരത്തില്‍ നിന്ന് ബിജെപി മാറണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ബിജെപി ഞങ്ങളുടെ മോഡല്‍ അല്ല. ഞങ്ങളുടെ പദ്ധതി അവര്‍ അംഗീകരിച്ചു. അതിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു സംസാരിച്ചു. അംഗീകാരം കിട്ടി. തത്വത്തില്‍ റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചു. കോടതി അംഗീകരിച്ചു. അതിന്റെ ഭാഗമായി ഞങ്ങളോട് മുന്നോട്ടുപോകാന്‍ അവര്‍ രേഖാമൂലം കത്തു തന്നിട്ടുണ്ട്.''
Story Highlights: 'Modi took the initiative for basic development'; Saji Cherian on k rail
- TAGS:
- K Rail
- Saji Cherian
- MODI
- BJP