Top

'സ്വതന്ത്രമായ ആശയപ്രകാശനം ഇന്ത്യയിൽ ഇല്ലാതാവുന്നു'; ഗീതാഞ്ജലി ശ്രീയെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് എം എ ബേബി

31 July 2022 12:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വതന്ത്രമായ ആശയപ്രകാശനം ഇന്ത്യയിൽ ഇല്ലാതാവുന്നു; ഗീതാഞ്ജലി ശ്രീയെ മോദി സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് എം എ ബേബി
X

കൊല്ലം: ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചെന്ന പരാതിയെ തുടർന്ന് ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ അനുമോദിക്കുന്ന പരിപാടി റദ്ദാക്കിയ സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. നോവലിന് ലഭിച്ച പുരസ്കാരത്തിൽ കേന്ദ്ര സർക്കാർ ഗീതാഞ്ജലിയെ അനുമോദിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ഈ പുരസ്കാരത്തെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തന്നെ സർക്കാർ അവഗണിക്കുകയായിരുന്നു. സ്വതന്ത്രമായ ആശയപ്രകാശനം ഇല്ലാതാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണെന്നും എം എ ബേബി വിമർശിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇൻറർനാഷണൽ ബുക്കർ പ്രൈസ് നേടിയ ഗീതാഞ്ജലി ശ്രീയെ അനുമോദിക്കുന്നതിനായി ഇന്ന് ആഗ്രയിൽ നടക്കേണ്ടിയിരുന്ന പരിപാടി റദ്ദു ചെയ്തു. ഇന്ത്യ ഇന്നു കടന്നുപോകുന്ന അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. ലോകത്തിൻറെ പ്രശംസ നേടിയ നമ്മുടെ ഒരു എഴുത്തുകാരിയെ ആദരിക്കാനാവാത്ത, അപമാനിക്കുന്ന ഒരു രാജ്യമായി നമ്മൾ മാറിയിരിക്കുന്നു.

ഗീതാഞ്ജലി ശ്രീ ഹിന്ദിയിൽ എഴുതിയ റേത് സമാധി എന്ന പുസ്തകത്തിൻറെ ഇംഗ്ലീഷ് വിവർത്തനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഒരു ഇന്ത്യൻ ഭാഷാ പുസ്തകത്തിൻറെ വിവർത്തനത്തിന് ആദ്യമായി ഈ പ്രഖ്യാത അന്താരാഷ്ട്രപുരസ്കാരം ലഭിച്ച അഭിമാനകരമായ സന്ദർഭം. ഇന്ത്യയുടെ സർക്കാർ ഗീതാഞ്ജലിയെ അനുമോദിക്കേണ്ടതായിരുന്നു. പക്ഷേ, ഒരു ഇന്ത്യക്കാരിക്ക് ലഭിച്ച ഈ പുരസ്കാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തന്നെ സർക്കാർ അവഗണിക്കുകയായിരുന്നു. ഉത്തർപ്രദേശിൽ ജനിച്ചു വളർന്ന ഗീതാഞ്ജലിയെ അവിടത്തെ യോഗി ആദിത്യനാഥ് സർക്കാരും അവഗണിച്ചു.

അതുകഴിഞ്ഞ് എഴുത്തുകാരിയെ അവഹേളിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഗീതാഞ്ജലിയുടെ പുസ്തകത്തിൽ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ഹത്രാസിലെ ഒരാൾ പൊലീസിൽ പരാതി കൊടുത്തിരിക്കുന്നു. ശിവനെയും പാർവതിയെയും കുറിച്ചുള്ള നോവലിലെ പരാമർശങ്ങൾ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് ഈ വിദ്വാൻറെ വാദം. അങ്ങേയറ്റം എതിർക്കപ്പെടേണ്ട രീതിയിലാണ് ശിവനെയും പാർവതിയെയും ഈ നോവലിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും പരാതിക്കാരൻ പറയുന്നു. ശിവപാർവതിമാരെക്കുറിച്ച് ഈ നോവലിലെ പരാമർശങ്ങൾ അങ്ങേയറ്റം അശ്ലീലമാണത്രെ. ഈ പറയപ്പെടുന്ന വരികളുടെ ഫോട്ടോ ഇയാൾ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി ആദിത്യനാഥിനും മുതിർന്ന പൊലീസ് ഓഫീസർമാർക്കും ടാഗ് ചെയ്തിട്ടാണ് ഈ ട്വീറ്റ്.

ഈ പരാതി പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയതിന് നാളെ വേണമെങ്കിൽ ഗീതാഞ്ജലിയുടെ പേരിൽ കേസെടുക്കാം. ഗീതാഞ്ജലി പഠിച്ച ജവഹർലാൽ നെഹ്രു സർവകലാശാലയിൽ വിദ്യാർത്ഥികൾ നല്കിയ സ്വീകരണത്തിനിടയിൽ ചില വർഗീയക്കോമരങ്ങൾ പ്രശ്നങ്ങളുണ്ടാക്കി. ആഗ്രയിൽ നടത്താനിരുന്ന പരിപാടിയിൽ ഇനി പ്രശ്നങ്ങളുണ്ടായാലോ എന്നു കരുതിയാവും ഈ പരിപാടി റദ്ദു ചെയ്യപ്പെട്ടത്. ഇന്ത്യൻ പുരാണങ്ങളിലെ ശിവനെയും പാർവതിയെയും ആണ് താൻ ആവിഷ്കരിച്ചതെന്നും തൻറെ രചനയ്ക്കെതിരെ പരാതി കൊടുക്കുന്നവർ പുരാണങ്ങളെയാണ് കോടതിയിൽ ചോദ്യം ചെയ്യേണ്ടതെന്നാണ് ഗീതാഞ്ജലി പറഞ്ഞത്. ഈ പരാതി തന്നെ ദുഖിതയാക്കിയെന്നും അവർ പറഞ്ഞു.

സ്വതന്ത്രമായ ആശയപ്രകാശനം ഇല്ലാതാവുന്ന ഒരു രാജ്യമായി ഇന്ത്യ മാറുകയാണ്. പൌരർക്ക് അവരുടെ ആശയങ്ങൾ സ്വാതന്ത്ര്യത്തോടെ ആവിഷ്കരിക്കാൻ കഴിയാത്ത ഒരു രാഷ്ട്രവും പുരോഗമിക്കില്ല.

Story highlights: Modi government is insulting Booker prize winner Gitanjali Shri said MA baby

Next Story