Top

മോദി,അമിത് ഷാ സന്ദര്‍ശനം; തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാം എന്ന വിലയിരുത്തലില്‍ ബിജെപി

ഹൈദരാബാദില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളാണ് ബിജെപി തയ്യാറാക്കിയിട്ടുള്ളത്

1 Sep 2022 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദി,അമിത് ഷാ സന്ദര്‍ശനം; തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാം എന്ന വിലയിരുത്തലില്‍ ബിജെപി
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിലൂടെ വലിയ രാഷ്ട്രീയ പദ്ധതികളാണ് ബിജെപി ആവിഷ്ക്കരിക്കുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാം എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. ഇതിനായി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

ഹൈദരാബാദില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളാണ് ബിജെപി തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ആറു മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതിന് ഉണര്‍വേകുന്നതാകും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കേരള സന്ദര്‍ശനം എന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം.

കേരളത്തിലെത്തി വിമാനവാഹിനി സമര്‍പ്പിക്കലും റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനങ്ങളും മാത്രമാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നരേന്ദ്ര മോദിയുടെ വരവ് പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ ഉപയോഗിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

പൊതുസമ്മേളനത്തിന് ശേഷം കോര്‍ കമ്മിറ്റി യോഗവും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തിലെത്തുക. രണ്ട്, മൂന്ന് തിയതികളിലാണ് അമിത് ഷായുടെ സന്ദര്‍ശനം. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം അദ്ദേഹം നിരസിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. സംസ്ഥാന സര്‍ക്കാര്‍ അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചത് വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.

Story highlights: Modi, Amit Shah visit; BJP believes that it can gain in elections in Kerala

Next Story