മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവം; ഹോട്ടലില്‍ നിന്ന് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് കസ്റ്റഡിയിലെടുത്തു
ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മൂവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
9 Nov 2021 12:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ മിസ് കേരളാ വിജയികള്‍ ഉള്‍പ്പെടെ മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ലബ് 18 എന്ന ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്. ഇവിടെ നടന്ന ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മൂവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
കാറോടിച്ചിരുന്ന അബ്ദുറഹ്മാനെ മദ്യപിച്ച് വാഹനമോടിച്ചതിനും നരഹത്യക്കുള്ള വകുപ്പുകള്‍ ചുമത്തിയും പാലാരിവട്ടം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ദുള്‍ റഹ്മാന് ആശുപത്രി വിട്ടതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരിയിലായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തത്.
അതേസമയം കണ്ടെടുത്ത് ഹാര്‍ഡ് ഡിസ്ക്കിന്റെ പാസ് വേഡ് അറിയില്ലെന്നാണ് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ ഹാര്‍ഡ് ഡിസ്ക് പരിശോധിക്കുമെന്ന് മെട്രോ സ്റ്റേഷന് എസ്.എച്ച്.ഒ അനന്തലാല്‍ പറഞ്ഞു. രാത്രി വൈകിയും മദ്യം വിറ്റുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്ലബ് 18 ഹോട്ടല്‍ എക്സൈസ് അധികൃതര്‍ പൂട്ടി.
ഇക്കഴിഞ്ഞ കേരള പിറവി ദിനത്തിലാണ് 2019ലെ മിസ്സ് കേരളയായിരുന്ന അന്‍സി കബീറും മിസ് കേരള ഒന്നാം റണ്ണര്‍ അപ്പായിരുന്ന ഡോ. അഞ്ജന ഷാജനും വൈറ്റലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ബൈപ്പാസ് റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് ഇടിച്ചിറങ്ങിയ നിലയിലായിരുന്നു വാഹനം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. അപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഇവരോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് കഴിഞ്ഞ ദിവസമാണ് മരിച്ചത്.
- TAGS:
- Miss Kerala Death