'ഷൈജു പറഞ്ഞത് മുറി എടുത്ത് തരാമെന്ന്'; അബ്ദുള്‍ റഹ്മാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
റോയിയുടെ നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് ഷൈജു
15 Nov 2021 12:21 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ മിസ്കേരള ജേതാക്കളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കുണ്ടന്നൂരില്‍ വെച്ചു ഔഡി കാര്‍ ഡ്രൈവര്‍ ഷൈജു സംസാരിച്ചത് മുറി എടുത്ത് തരാമെന്ന് പറയാന്‍ ആണെന്ന് അബ്ദുള്‍ റഹ്മാന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു.
നേരത്തെ ഔഡി കാര്‍ ഡ്രൈവര്‍ ഷൈജുവിനെ വിശദമായി പൊലീസ് ചോദ്യം ചെയ്തിരുന്നു. ഷൈജു പറഞ്ഞ കാര്യങ്ങളിലെ വസ്തുത അറിയാന്‍ ആ കാര്യങ്ങള്‍ അബ്ദുള്‍ റഹ്മാനോടും ചോദിക്കുകയാണ് പൊലീസ് ചെയ്തത്. ചോദ്യംചെയ്തതില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഇല്ല എന്നാണ് പൊലീസ് വിലയിരുത്തുന്നത്. വേഗതയില്‍ വാഹനം ഓടിച്ച കാര്യവും അബ്ദുള്‍ റഹ്മാന് സമ്മതിച്ചു. ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം പൊലീസ് തുടര്‍ നടപടി സ്വീകരിക്കും.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അബ്ദുള്‍ റഹ്മാനെ മൂന്നു മണിക്കൂര്‍ മാത്രമാണ് അന്വേഷണസംഘത്തിന് കസ്റ്റഡിയില്‍ ലഭിച്ചത്. വെന്റിലേറ്ററില്‍ ചികിത്സയിലുള്ളയാളുടെ രക്ത സാമ്പിള്‍ അനുമതി ഇല്ലാതെ പരിശോധിച്ചത് ശരിയല്ലന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള ആരോഗ്യസ്ഥിതി പ്രതിക്കില്ലെന്നും ബൈക്ക് യാത്രക്കാരന്റെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നും കസ്റ്റഡി അപേക്ഷയില്‍ നടന്ന വാദത്തില്‍ പ്രതിഭാഗം വിശദീകരിച്ചു. നിര്‍ണായക വിവരങ്ങള്‍ കിട്ടാനുണ്ടെന്നും മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചു കോടതി മൂന്ന് മണിക്കൂര്‍ മാത്രമാണ് കസ്റ്റഡിയില്‍ വിട്ടത്.
അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഷൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. റോയിയുടെ നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് ഷൈജു. അപകടത്തിന് തൊട്ടുപിന്നാലെ ഷൈജു റോയിയെ വിളിച്ചത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് റോയിയെ ചോദ്യം ചെയ്യുന്നത് നിര്‍ണായകമാകും. ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.