Top

ഡിവിആർ ഹാജരാക്കി; മോഡലുകളുടെ അപകട മരണത്തിൽ നിർണായക തെളിവ് ലഭിച്ചേക്കും

അപകടത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെ നിരവധി തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല.

16 Nov 2021 9:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിവിആർ ഹാജരാക്കി; മോഡലുകളുടെ അപകട മരണത്തിൽ നിർണായക തെളിവ് ലഭിച്ചേക്കും
X

മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക തെളിവ് ലഭിച്ചേക്കും. അപകടം നടക്കുന്നതിന് മുൻപ് ഇവർ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ഹോട്ടലുടമ പൊലീസിന് കൈമാറി. എന്നാൽ എല്ലാ ഡിവിആറുകളും കൈമാറിയിട്ടില്ലെന്നാണ് വിവരം. മുഴുവൻ ഡിവിആറുകളും ഹാജരാക്കണമെന്ന് പൊലീസ് 'നമ്പർ 18' ഹോട്ടലുടമ റോയി വയലാട്ടിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,.

അപകടത്തിൽ ദുരൂഹത ഉയർന്നതിന് പിന്നാലെ നിരവധി തവണ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്. നടപടി വൈകുന്നതിൽ ഡിജിപി കമ്മീഷണറോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഡിജിപിയുടെ താക്കീതിന് പിന്നാലെയാണ് ഇന്ന് ഹാജരാക്കാൻ റോയ്ക്ക് നോട്ടീസ് നൽകിയത്. മോഡലുകൾ മരിച്ച അപകട സ്ഥലത്ത് റോയി എത്തിയിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തിൽ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ശ്രമിക്കുന്നത്.

റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു. സംഭവദിവസം രാത്രി ഹോട്ടലിൽനിന്നു കാറിൽ അമിതവേഗത്തിൽ യുവതികൾ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടൽ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

Next Story