മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവം; ചികിത്സ തട്ടിപ്പെന്ന് ആരോപണം
30 Dec 2022 3:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ ചികിത്സ തട്ടിപ്പെന്ന് ആരോപണം. കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ (34) ആണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫിൻ്റെ പ്രവർത്തനം തൃപ്തകരമല്ലെന്ന് കൂടെയുണ്ടായിരുന്നവർ ആരോപിച്ചു. ബിനുവിനെ കൊണ്ടുപോയ ആംബുലൻസിൽ ഓക്സിജൻ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നെന്നാണ് നാട്ടുകാർ പറഞ്ഞു. സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടയിലാണ് ബിനു അപകടത്തിൽപ്പെട്ടത്. ബിനുവിനെ അരമണിക്കൂർ വൈകിയാണ് വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ബിനുവിനെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. നേരിയ തോതില്‍ നാഡി സ്പന്ദനമുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടേകാലോടെയായിരുന്നു മരണം.
തഹസിൽദാരാണ് നീന്തലറിയാവുന്നവരെയാണ് മോക്ക് ഡ്രില്ലിലേക്ക് ക്ഷണിച്ചത്. പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. വെണ്ണികുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനുവും മറ്റു മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ പെട്ട് ബിനു മുങ്ങിപ്പോവുകയായിരുന്നു.
STORY HIGHLIGHTS: Mock drill accident NDRF Kerala fire force