Top

കാവ്യയും ദിലീപും ഉപയോഗിച്ച നമ്പര്‍ ആദ്യം ശ്യാമളയുടെ പേരില്‍; പിന്നീട് ലക്ഷ്യയുടേതായി, ദിലീപ് പുറത്തിറങ്ങിയതിന് ശേഷം ഇനാക്ടീവ്

ഈ നമ്പര്‍ തന്റേതല്ലെന്ന് കാവ്യാ മാധവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു

30 May 2022 5:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാവ്യയും ദിലീപും ഉപയോഗിച്ച നമ്പര്‍ ആദ്യം ശ്യാമളയുടെ പേരില്‍; പിന്നീട് ലക്ഷ്യയുടേതായി, ദിലീപ് പുറത്തിറങ്ങിയതിന് ശേഷം ഇനാക്ടീവ്
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവായ ഫോണ്‍ നമ്പര്‍ ആദ്യം ഉണ്ടായിരുന്നത് കാവ്യാ മാധവന്റെ അമ്മയായ ശ്യാമളയുടെ പേരിലെന്ന് റിപ്പോര്‍ട്ട്. '96456 74686' എന്ന നമ്പറാണ് ശ്യാമളയുടെ പേരിലുണ്ടായിരുന്നത്. പിന്നീട് ഇത് കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം നമ്പര്‍ ഉപയോഗ ശൂന്യമായതായും അന്വേഷണ സംഘം കണ്ടെത്തി. ഈ നമ്പര്‍ തന്റേതല്ലെന്ന് കാവ്യാ മാധവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഈ വാദം പൊളിക്കുന്ന തെളിവുകള്‍ ഇന്ന് റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടിരുന്നു.

'96456 74686' ഈ നമ്പര്‍ തന്റേതല്ലെന്ന നിലപാടില്‍ കാവ്യാ മാധവന്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ഇതേ നമ്പറില്‍ നിന്ന് ബാലചന്ദ്രകുമാറിനെ വിളിച്ചിരുന്നതിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ടത്. നടിയെ ആക്രമിക്കുന്നതിന് മുന്‍പും പിന്‍പും കാവ്യ ഈ നമ്പറില്‍ നിന്നാണ് തുടര്‍ച്ചയായി തന്നെ വിളിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ നമ്പറില്‍ നിന്ന് ദിലീപും ബാലചന്ദ്രകുമാറിനെ വിളിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകളും അന്ന് ഉപയോഗിച്ച ഐഫോണും ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറി.

ബാലചന്ദ്രകുമാറുമായി ഒരു ബന്ധവുമില്ലെന്ന് കാവ്യയും ദിലീപും ആവര്‍ത്തിക്കുന്നതിനിടയിലാണ് ഇരുവരും സംവിധായകനെ പലതവണ വിളിച്ചതിന്റെ തെളിവുകള്‍ പുറത്തുവരുന്നത്. വിവാഹത്തിന് മുന്‍പ് ദിലീപുമായി കാവ്യാ മാധവന്‍ ആശയവിനിമയം നടത്തിയതും ഇതേ നമ്പറില്‍ നിന്നാണ്. ഇരുവരും തമ്മില്‍ സംസാരിച്ചതിന്റെ കോള്‍ വിശദാംശങ്ങളും വാട്സാപ്പ് ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

കാവ്യാ മാധവനും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ ആറിയിച്ചതിനുള്ള പ്രതികാരമാണ് നടിയ ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഈ വാദത്തിന് ശക്തമായ ഒരു തെളിവായാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍. കാവ്യാ മാധവനുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത പലരും ഈ നമ്പര്‍ കാവ്യ ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

STORY HIGHLIGHTS: Mobile name which was a major evidence in Actress attack Case was in name of Kavya Madhavan's mother Shyamala Madhavan

Next Story

Popular Stories