'സമസ്ത ഉണ്ടായത് തന്നെ എങ്ങനെയാണ്'? ചരിത്രം ചൂണ്ടിക്കാണിച്ച് എംഎൻ കാരശ്ശേരി; 'വിമർശിച്ചാൽ ഇസ്ലാമോഫോബിയ'
13 May 2022 7:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വേദിയിൽ നിന്നും ഇറക്കി വിട്ട സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം എൻ കാരശ്ശേരി . ഇന്ത്യൻ ഭരണ സ്ത്രീകൾക്ക് നൽകുന്ന അവകാശത്തെ ഹനിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും എം എൻ കാരശ്ശേരി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും അറേബ്യയിലെ ഗോത്ര സമൂഹത്തിന് പോലും ഇല്ലാത്ത ചട്ടങ്ങളാണ് ഈ നൂറ്റാണ്ടിൽ ഇവിടെ മത നേതാക്കൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാരശ്ശേരി ആരോപിച്ചു.
'സമത്വ ബോധത്തോടുള്ള വെല്ലുവിളി'
പൗരൻമാരുടെ സമത്വ ബോധത്തോടുള്ള തികഞ്ഞ വെല്ലുവിളിയാണിത്. ഭരണ ഘടന പ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം അതിൽ വളരെ പ്രധാനമാണ്. മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെ പേരിലോ ആരെങ്കിലും വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്. മതത്തിന്റെയോ പാർട്ടിയുടെയോ ആചാരത്തിന്റെയോ പേരിലാണെങ്കിലും സ്ത്രീകളോടുള്ള അയിത്തം അംഗീകരിക്കാൻ പറ്റില്ല.
'വിമർശിച്ചാൽ ഇസ്ലാമോഫോബിയ'
മുസ്ലിം സമുദായത്തിന്റെ ആചാരത്തെയോ അനുഷ്ഠാനത്തെയോ വിമർശിച്ചാൽ ഇസ്ലാമോഫോബിയ എന്നാണ് പറയുന്നത്. അത് അവർ പറഞ്ഞോട്ടെ. പൗരത്വ ഭേദഗതിയെ എതിർക്കുന്ന ഇവർ ഭരണ ഘടന പിടിച്ചാണല്ലോ ആണയിടാറ്. അപ്പോൾ പറയുന്ന സമത്വം ഏത് മതത്തിൽ പെട്ടലും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ മറുപടി പറയണം. മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതൃത്വം പാണക്കാട് തങ്ങൾമാർക്കാണ്. സാദിഖലി തങ്ങൾ പറയണം. ഭരണ ഘടനയിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടോ. സമത്വത്തിന് വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണ ഘടന നൽകുന്നതാണ്. ആ അവകാശത്തിൽ നിന്നും മുസ്ലിം സ്ത്രീകളെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഇവർ. മുസ്ലിം സ്ത്രീകളെ രണ്ടാം പൗരരായി അവർക്ക് കാണണമെങ്കിൽ കാണാം. പക്ഷെ നമുക്ക് അംഗീകരിക്കാൻ പറ്റില്ല.
'സമസ്ത ഉണ്ടായത് തന്നെ എങ്ങനെയാണ്?'
മുഹമ്മദ് നബിയുടെ ചരിത്രം വായിച്ചവർക്ക് അറിയാം. അദ്ദേഹം യുദ്ധ യാത്രയിൽ ഭാര്യയെ കൂടെക്കൊണ്ട് പോയിരുന്ന ആളാണ്. ഇവിടെയുള്ള മുജാഹിദുകളോ ജമാ അത്തെ ഇസ്ലാമിക്കാരോ ഇതിനെ അംഗീകരിക്കുന്നില്ല. സമസ്ത ഉണ്ടായത് തന്നെ എങ്ങനെയാണ്? പെൺകുട്ടികൾക്ക് എഴുത്ത് പഠിക്കാം, സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാം എന്നൊക്കെ പറഞ്ഞ് മുസ്ലിം ഐക്യസംഘം വന്നപ്പോൾ അതിനെ ചെറുക്കാൻ വേണ്ടി 1926 ൽ ഉണ്ടായ യാഥാസ്ഥിതിക മതപണ്ഡിത സംഘമാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ.
പെൺകുട്ടികൾ എഴുത്ത് പഠിക്കുന്നത് നിഷിദ്ധമാണെന്ന് കാട്ടി 1930 ൽ സമസ്തയുടെ നാലാം വാർഷികത്തിൽ അവർ പ്രമോയം പാസാക്കിയിട്ടുണ്ട്. 1962 ൽ സമസ്തയുടെ ഒരു മദ്രസയിൽ അവരുടെ അഞ്ചാം ക്ലാസിലെ പൊതുപരീക്ഷ പാസായ ആളാണ് ഞാൻ. അന്ന് ഞങ്ങളുടെ സഹപാഠികളായ പെൺകുട്ടികൾക്കൊന്നും എഴുത്ത് പരീക്ഷയില്ല. ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞാൽ മതി. അറേബ്യയിലെ ഗോത്ര സമൂഹത്തിന് പോലും ഇല്ലാത്തതാണിത്. അവർക്ക് എഴുത്ത് പഠിക്കാമായിരുന്നു. മുഹമ്മദ് നബിയോട് സ്ത്രീകൾ ചോദ്യം ചോദിക്കുകയും തർക്കിക്കുകയും ചെയ്തതിന്റെ ചരിത്രമുണ്ട്. അതിന്റെയും പിന്നിലേക്ക് പോവാനാണ് ശ്രമിക്കുന്നത്.
Story Highlight: mn karassery slams samastha