Top

'സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടി'; തനിക്ക് പരാതിയില്ലെന്ന് എംഎം മണി

കരുതികൂട്ടിയുളള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.

21 April 2022 6:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടി; തനിക്ക് പരാതിയില്ലെന്ന് എംഎം മണി
X

ഉടുമ്പൻചോല: കെഎസ്ഇബി വാഹനം അനധികൃതമായി ഉപയോ​ഗിച്ചൂവെന്ന് കാണിച്ച് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയതിൽ രൂക്ഷ വിമർശനവുമായി മുൻ വൈദ്യുത മന്ത്രി എംഎം മണി. പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയാണ്. സുരേഷ് കുമാർ തന്റെ സ്റ്റാഫായിരിക്കെ വാഹ​നം അനധികൃതമായി ഉപയോ​ഗിച്ചുവെന്നാണ് ആരോപണം. എന്നാൽ ആ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ല എന്നും എംഎം മണി വ്യക്തമാക്കി.

'ഞാന്‍ മന്ത്രിയല്ലാത്തത് കൊണ്ട് നടപടി പരിശോധിക്കേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സുരേഷ് കുമാര്‍ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. വാഹനമുപയോഗിച്ചതും അതിന്റെ അടിസ്ഥാനത്തിലാണ്. വാഹനം അനധികൃതമായി ഉപയോഗിച്ചത് എന്റെ അറിവിലില്ല. അധികാരത്തിലിരിക്കുന്നവര്‍ക്ക് രേഖകളില്‍ കൃത്രിമം കാണിക്കാല്ലോ. '

'ഞാനിപ്പോ തങ്കമണിയിലേക്ക് പോവുകയാണ് ഒന്ന് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ പുറത്തിറങ്ങേണ്ടെ, ഭക്ഷണം കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കേണ്ടെ, ഇതെല്ലാം സ്വാഭാവികമാണ്. അയാള്‍ സംഘടനയുടെ നേതാവെന്ന നിലയില്‍ അയാളെ തേജോവധം ചെയ്യുകയാണ്. കരുതികൂട്ടിയുളള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. സമരത്തിന് നേതൃത്വം കൊടുക്കുന്നത് അയാളാണ് എന്നുളളത് കൊണ്ടും ആണ് പുതിയ നീക്കം. എന്നും എംഎം മണി കൂട്ടിച്ചേർത്തു.'

വിവാദത്തിൽ ഔദ്യോ​ഗിക ആവശ്യത്തിന് മാത്രമാണ് കെഎസ്ഇബി വാഹനം ഉപയോ​ഗിച്ചതെന്ന് എംജി സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ അനുമതിയോടെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമുളള യാത്രകളാണ് നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒരിക്കലും വാഹനമുപയോ​ഗിച്ചിട്ടില്ല. താ‍നും തന്റെ ഓഫീസിലുളള മറ്റ് ജീവനക്കാരും വാഹനമുപയോ​ഗിച്ചിട്ടുണ്ട്. ആരോപണങ്ങൾക്കെല്ലാം ഞാൻ മറുപടി പറയേണ്ടത് മുൻ മന്ത്രിയോടാണ്. അദ്ദേഹം ചോദിച്ചാൽ മറുപടി നൽകുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടിയാണ്, തന്നെ വ്യക്തിഹത്യ നടത്തുന്നതിനാണ് പിഴ ചുമത്തിയതെന്നും സുരേഷ് കുമാർ ആരോപിച്ചു.

കെഎസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്ന് കാണിച്ച് ഏഴ് ലക്ഷത്തോളം രൂപ പിഴയാണ് ചുമത്തിയത്. മന്ത്രിയുടെ സ്റ്റാഫായിരുന്ന സമയത്ത് അനധികൃതമായി കെഎസ്ഇബിയുടെ വാഹനം ഉപയോഗിച്ചുവെന്നതാണ് നടപടിക്ക് കാരണം. 6,72,560 രൂപ പിഴയൊടുക്കണമെന്നാണ് നിര്‍ദേശം.

STORY HIGHLIGHTS: MM Mani said he had no complaints against Suresh Kumar in the fine issue of KSEB



Next Story