Top

'ഡൽഹിയിൽ പാർലമെന്റ് ഗേറ്റിന് പുറത്ത്, ഇവിടെ എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും വിമർശിക്കാം'; എം എം മണി

15 July 2022 7:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡൽഹിയിൽ പാർലമെന്റ് ഗേറ്റിന് പുറത്ത്, ഇവിടെ എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും വിമർശിക്കാം; എം എം മണി
X

തിരുവനന്തപുരം: നിയമസഭയിൽ ആർക്കും ആരെയും വിമർശിക്കാമെന്ന് എം എം മണി എം എൽ എ. ഡൽഹിയിൽ വിമർശനം പാർലമെന്റ് ഗേറ്റിന് പുറത്താണ്. എന്നാൽ ഇവിടെ വിമർശനം ആവാം. എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും വിമർശിക്കാമെന്നും എം എം മണി പറഞ്ഞു. നിയമസഭയിൽ കെ കെ രമ എംഎൽഎക്കെതിരായ അധിക്ഷേപ പരാമർശം ചർച്ചയായ സാഹചര്യത്തിലാണ് എം എം മണിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കെകെ രമയ്ക്ക് നേരെ നടത്തിയ പരാമര്‍ശം പിന്‍വലിക്കില്ലെന്ന് എംഎം മണി ആവര്‍ത്തിച്ചിരുന്നു. നിയമസഭയില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അതിന് പറ്റുന്നില്ലെങ്കില്‍ എന്തിനാണ് കെകെ രമ നിയമസഭയിലേക്ക് വരുന്നതെന്ന് എംഎം മണി ചോദിച്ചു. വിധവ അല്ലേയെന്ന് ചോദിച്ചത് കോണ്‍ഗ്രസിലെ എംഎല്‍എമാരാണെന്നും മഹതിയെന്ന് പറഞ്ഞാല്‍ നല്ല ഭാഷയാണെന്നും എംഎം മണി വ്യക്തമാക്കി. വിധവയല്ലേയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. കെകെ രമയെ മുന്‍നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണ് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെന്നും എംഎം മണി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പരാമര്‍ശങ്ങളില്‍ ഖേദ പ്രകടനം നടത്തില്ലെന്നും എംഎം മണി ആവര്‍ത്തിച്ചു.

നിയമസഭയിൽ ആർക്കും പ്രത്യക പദവി ഇല്ല. വിധവ അല്ലെ എന്ന് ഇന്നലെ ആദ്യം പറഞ്ഞത് പ്രതിപക്ഷ നിരയിൽ നിന്നാണ്. മഹതിയെന്ന് പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. അവരുടെ കൂട്ടത്തിൽ നിന്നാണ് വിധവയെന് വാക്ക് വന്നത്. അപ്പോൾ അതിന് മറുപടിയായി വിധവയായത് അവരുടെ ഒരു വിധിയല്ലേയെന്ന് ഞാൻ പറഞ്ഞുവെന്നത് ശരിയാണ്. ടിപി വധക്കേസിൽ ഞങ്ങൾക്ക് പങ്കില്ലെന്നത് ശരിയാണ്. പാര്‍ട്ടി തീരുമാനിച്ച് ചെയ്തതല്ല. കെകെ രമയോട് പ്രത്യേക വിദ്വേഷമൊന്നുമില്ല. എന്റെ വാക്കുകളിൽ രമക്ക് വേദന ഉണ്ടായെങ്കിൽ ഞാൻ എന്ത് വേണമെന്നും എംഎം മണി ചോദിച്ചു. ഒരു വർഷം നാല് മാസമായി രമ പിണറായിയെ വിമർശിക്കുന്നു. മുഖ്യമന്ത്രിയെ കൊലയാളി എന്ന് വരെ വിളിച്ചു. വേദനിപ്പിക്കണം എന്ന് ഉദ്ദേശിച്ചില്ല. പക്ഷേ തിരുത്തില്ലെന്നും എം എം മണി ആവ‍ര്‍ത്തിച്ചു.

STORY HIGHLIGHTS: MM Mani said that anyone can criticize anyone in the assembly

Next Story