Top

'വനിതാ പ്രവര്‍ത്തകയുടെ സ്വന്തം അഭിപ്രായം'; മലബാര്‍ മന്ത്രി പരാമര്‍ശം തള്ളി എംഎം മണി

ഇടുക്കിയിലെ പാര്‍ട്ടിക്ക് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അങ്ങനെ ഒരു അഭിപ്രായമില്ല

7 Jan 2022 4:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വനിതാ പ്രവര്‍ത്തകയുടെ സ്വന്തം അഭിപ്രായം; മലബാര്‍ മന്ത്രി പരാമര്‍ശം തള്ളി എംഎം മണി
X

സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ഉയര്‍ന്ന മലബാര്‍ മന്ത്രി പരാമര്‍ശം തള്ളി മുതിര്‍ന്ന നേതാവ് എംഎം മണി. പരാമര്‍ശം ചര്‍ച്ചയില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തകയുടെ സ്വന്തം അഭിപ്രായമാണെന്നാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ നിലപാട്.

ഇടുക്കിയിലെ പാര്‍ട്ടിക്ക് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അങ്ങനെ ഒരു അഭിപ്രായമില്ല. മുഹമ്മദ് റിയാസ് മികച്ച മന്ത്രിയാണെന്നും എംഎം മണി ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ റോഡുകളുടേയും ടൂറിസം വികസനവും മന്ത്രി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും എംഎം മണി ചൂണ്ടിക്കാട്ടുന്നു.

ഇടുക്കിയ്ക്ക് സമ്പൂര്‍ണ്ണ അവഗണനയാണെന്ന് ആരോപിച്ചായിരുന്നു പ്രതിനിധികള്‍ സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ രംഗത്ത് എത്തിയത്. ടൂറിസം, പൊതുമരാമത്ത് മന്ത്രയെ മലബാര്‍ മന്ത്രിയെന്ന് പരിഹസിച്ചായിരുന്നു വിമര്‍ശനം ഉയര്‍ത്തിയത്. ടൂറിസം, റോഡ് പദ്ധതികള്‍ മലബാര്‍ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നത് എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍, വിനോദ സഞ്ചാര മേഖലയില്‍ ഇടുക്കിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എംഎം മണിയും പരാമര്‍ശത്തിന് എതിരെ രംഗത്ത് എത്തിയത്.

Next Story