Top

'അടിയന്തരാവസ്ഥക്കാലത്തു പോലും ഇങ്ങനെ ഉണ്ടായിട്ടില്ല'; പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ ഭരണാധികാരികള്‍ പരാജയപ്പെട്ട ചരിത്രമെന്ന് എംഎം മണി

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനും സസ്‌പെന്‍ഷന്‍

8 April 2022 4:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിയന്തരാവസ്ഥക്കാലത്തു പോലും ഇങ്ങനെ ഉണ്ടായിട്ടില്ല; പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ ഭരണാധികാരികള്‍ പരാജയപ്പെട്ട ചരിത്രമെന്ന് എംഎം മണി
X

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനും സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസം ഇറക്കിയ പത്രക്കുറിപ്പിലാണ് സസ്‌പെന്‍ഷന്‍ പരാമര്‍ശിക്കുന്നത്. കെഎസ്ഇബിയിലെ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ചുള്ള സമരത്തില്‍ പങ്കെടുത്തതിനാണ് നടപടി. എന്നാല്‍, സസ്‌പെന്‍ഷന്‍ ഉത്തരവ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് ഹരികുമാറും സംഘടനയും അറിയിച്ചു. ഇതോടെ കെഎസ്ഇബിയില്‍ നിന്നും പുറത്താക്കപ്പെടുന്ന മൂന്നാമത്തെ യൂണിയന്‍ നേതാവാണ് ബി ഹരികുമാര്‍.

അതേസമയം, ബോര്‍ഡ് യോഗത്തിലേക്ക് തള്ളിക്കയറിയവര്‍ക്ക് എതിരെയും നടപടി വരും. കുറ്റകൃത്യം അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതില്ലാത്തതിനാല്‍ കടുത്ത നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നാണ് സൂചന. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് കൂടി പരിഗണിച്ചായിരിക്കും നടപടി.

എന്നാല്‍. ഇന്ന് ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ 'സമരക്കാരെ പിരിച്ചുവിടും' എന്ന തലക്കെട്ട് തെറ്റിദ്ധാരണാജനകവും വസ്തുതാ വിരുദ്ധവുമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകന്‍ അറിയിച്ചു. സമരത്തിന്റെ മറവില്‍ അക്രമപ്രവര്‍ത്തനം നടത്തുകയോ കെ എസ് ഇ ബിയുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് കെഎസ്ഇബി മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുള്ളത്. കേവലം പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ഒരു നടപടിയും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നേതാക്കള്‍ക്കെതിരായ നടപടികളുടെ സാഹചര്യത്തില്‍ കെഎസ്ഇബിഓഎ വ്യാഴാഴ്ച കരിദിനം ആചരിച്ചിരുന്നു. ഇന്നും കരിദിനം ആചരിക്കാനാണ് അസോസിയേഷന്റെ തീരുമാനം. നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചട്ടപ്പടി സമരമടക്കം ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും അസോസിയേഷന്‍ അറിയിച്ചു.

അതേസമയം, സംഘടനകളോടുള്ള കെഎസ്ഇബി ചെയര്‍മാന്റെ നിലപാട് ശരിയല്ലെന്ന് എംഎം മണി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തു പോലും ഇങ്ങനെ ഉണ്ടാകില്ല. തൊഴിലാളി യൂണിയനുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സസ്‌പെന്‍ഡ് ചെയ്തത് കഴിവുള്ള യൂണിയന്‍ നേതാക്കളെയാണ്. തൊഴിലാളികളെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കാതെ പ്രശ്‌നപരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. വൈദ്യുത ബോര്‍ഡിനെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഭരണാധികാരികള്‍ മുമ്പ് പരാജയപ്പെട്ടുപോയ ചരിത്രമാണ് ഉള്ളത്. ആ അനുഭവവും ചരിത്രവും ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും എംഎം മണി പറഞ്ഞു.

STORY HIGHLIGHTS: MM Mani reaction on suspension of KSEB Officers Association leader B Harikumar

Next Story