'സുധാകരന്‍ പ്രകോപിച്ചു, വര്‍ഗീസ് മറുപടി നല്‍കി'; കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് എംഎം മണി
കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടുക്കി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി വി വര്‍ഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്.
9 March 2022 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ കൊലവിളി പ്രസംഗത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിനെ ന്യായീകരിച്ച് എംഎം മണി എംഎല്‍എ. സുധാകരന്‍ ഇടുക്കിയില്‍ വന്നു പ്രകോപനമുണ്ടാക്കി. അതിന്റെ മറുപടി മാത്രമാണ് സി വി വര്‍ഗീസ് നല്‍കിയതെന്ന് എംഎം മണി പ്രതികരിച്ചു.
'സുധാകരന്‍ ഇടുക്കിയില്‍ വന്നു പ്രസംഗിച്ചത് മുഴുവന്‍ വിവരക്കേട് ആണ്. ധീരജിന്റെ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്നും അവരെ വെറുതെവിട്ടാല്‍ ഇതിലേ കൊണ്ടുവരും എന്ന് സുധാകരന്‍ ഇവിടെ വന്നു പ്രസംഗിച്ചു. കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന് പറഞ്ഞു. സുധാകരന്‍ അന്നു പറഞ്ഞതിന്റെ മറുപടി മാത്രമാണ് ജില്ലാ സെക്രട്ടറി ഇന്ന് പറഞ്ഞത്. ഞങ്ങളെയെല്ലാം പേരുപറഞ്ഞായിരുന്നു സുധാകരന്റെ ആക്ഷേപം.' എംഎം മണി പറഞ്ഞു.
കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടുക്കി ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി വി വര്‍ഗീസ് കെ സുധാകരന് എതിരെ വധഭീഷണി മുഴക്കിയത്.
'സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചതും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍.'സുധാകരന്റെ പ്രകോപിച്ചു, വര്‍ഗീസ് മറുപടി നല്‍കി'; കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച് എംഎം മണി
- TAGS:
- K Sudhakaran
- cv varghese