Top

'അവനെ വെറുതെ വിടരുത്, ശരിയാക്കണം, നിങ്ങളുടെ ചോറ് തിന്ന് വളര്‍ന്നവനാ'; എസ് രാജേന്ദ്രനെതിരെ എംഎം മണി

സംഘടനാ വിരുദ്ധ പ്രവര്‍ത്തന നടത്തിയെന്ന പേരില്‍ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുകയാണ് എസ് രാജേന്ദ്രന്‍

16 Oct 2022 3:12 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവനെ വെറുതെ വിടരുത്, ശരിയാക്കണം, നിങ്ങളുടെ ചോറ് തിന്ന് വളര്‍ന്നവനാ; എസ് രാജേന്ദ്രനെതിരെ എംഎം മണി
X

മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരേ വീണ്ടും എംഎം മണി എംഎല്‍എയുടെ വിവാദ പരാമര്‍ശം. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത ആളാണ് രാജേന്ദ്രന്‍. രാജേന്ദ്രനെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണമെന്നും എം എം മണി പറഞ്ഞു. മൂന്നാറില്‍ നടന്ന എസ്‌റ്റേറ്റ് എംബ്ലോയീസ് യൂണിയന്റെ 54 മത് വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എംഎം മണിയുടെ വിവാദ പരാമര്‍ശം.

'നന്ദി വേണമല്ലോ. ഉണ്ട ചോറിന് നന്ദി വേണ്ടേ. നന്ദിയില്ലാത്തവന്‍. 15 വര്‍ഷം എംഎല്‍എയായി. പിന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. ഇതെല്ലാം ആയിരുന്നില്ലേ. ഒടുവില്‍ ഇല്ലാത്ത കേസുണ്ടോ. പാര്‍ട്ടി തീരുമാനിച്ചു ഇനി നിര്‍ത്തണ്ടാന്ന്. അപ്പോള്‍ നമ്മള്‍ രാജയെ നിര്‍ത്തി. രാജയെ തോല്‍പ്പിക്കാനുള്ള മുഴുവന്‍ പണിയും അയാല്‍ ചെയ്തു. അങ്ങനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. ശരിയാക്കണം. നിങ്ങള്‍ടെ ചോറ് തിന്ന് വളര്‍ന്നവനാ. അവനെ വെറുതെ വിടരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറയുന്ന പ്രവര്‍ത്തനം നടത്താന്‍ ബാധ്യതയുള്ളൊരാള്‍ അത് ചെയ്യാതെ വഞ്ചനയും തട്ടിപ്പുമാണ് നടത്തിയത്. അത് എസ്റ്റേറ്റിലെ തൊഴിലാളികളോടും കുഞ്ഞുങ്ങളോടും പറഞ്ഞ് അവരെ പഠിപ്പിക്കേണ്ടതുണ്ട്.' എന്നാണ് എംഎം മണി പറഞ്ഞത്. നേരത്തേയും രാജേന്ദ്രനെതിരെ എംഎം മണി രംഗത്തെത്തിയിരുന്നു.

സംഘടനാ വിരുദ്ധ പ്രവര്‍ത്തന നടത്തിയെന്ന പേരില്‍ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുകയാണ് എസ് രാജേന്ദ്രന്‍. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ ഇടതു സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പിക്കാന്‍ എസ് രാജേന്ദ്രന്‍ ശ്രമിച്ചെന്ന് രണ്ടംഗ അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി.

എസ് രാജേന്ദ്രനെ നേരത്തെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. സി വി വര്‍ഗീസിനെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് എസ് രാജേന്ദ്രന്‍ നല്‍കിയ കത്ത് നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് പാര്‍ട്ടി അംഗീകരിച്ചില്ല.

Next Story