Top

'എവിടേക്കാണ് മുങ്ങുന്നതെന്ന് ആര്‍ക്കുമറിയില്ല; ഞാനായിരുന്നെങ്കില്‍ അവിഹിതമാണെന്ന് പറഞ്ഞേനെ'; രാഹുല്‍ ഗാന്ധിക്കെതിരെ എംഎം മണി

16 May 2022 6:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എവിടേക്കാണ് മുങ്ങുന്നതെന്ന് ആര്‍ക്കുമറിയില്ല;  ഞാനായിരുന്നെങ്കില്‍ അവിഹിതമാണെന്ന് പറഞ്ഞേനെ; രാഹുല്‍ ഗാന്ധിക്കെതിരെ എംഎം മണി
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വിജയം നേടുമെന്ന് എംഎം മണി. മണ്ഡലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പങ്കെടുത്ത പ്രചാരണ പരിപാടികളില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജനം സ്വീകരിച്ചു എന്നാണ് വ്യക്തമായതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് മണ്ഡലത്തില്‍ ജയിക്കാന്‍ കഴിയില്ലെന്നും എംഎം മണി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇന്നലെ സമാപിച്ച കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ യോഗം അസംബന്ധമാണെന്നും എംഎം മണി ആക്ഷേപിച്ചു.

'ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കോണ്‍ഗ്രസിന് ഒരു നേതൃത്വം പോലുമില്ല. ഇപ്പോള്‍ ചിന്തന്‍ ശിബിര്‍ നടത്തുകയാണ്. പരിതാപകരമാണ് അവസ്ഥ. രാഹുല്‍ ഗാന്ധിയെ കൊണ്ട് വരുന്നു, പൂജ നടത്തുന്നു, പ്രാര്‍ത്ഥിക്കുന്നു, എന്തൊരു ഗതികേടാണ് ഇതുപോലെ ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്. ത്ഫൂ അധപതിച്ചു പോയി,' എംഎം മണി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരെയും എംഎം മണി വിമര്‍ശനമുന്നയിച്ചു. 'ഇതൊക്കെ ദേശീയ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു പങ്ക് വഹിച്ച പാര്‍ട്ടിയല്ലേ. രാഹുല്‍ ഗാന്ധിയെ നേതാവാക്കി അദ്ദേഹം ഇതെല്ലാം ഏല്‍ക്കണം എന്ന മട്ടാണ്. അദ്ദേഹമാണെങ്കില്‍ വടി വെച്ചിടത്ത് കുട വെക്കാത്ത മനുഷ്യനും. ഇടയ്ക്കിടയ്ക്ക് പുള്ളി മുങ്ങും. മുങ്ങിയതെങ്ങോട്ടാണെന്ന് അമ്മയ്ക്കും പെങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയില്ല. കെസി വേണുഗോപാലിന് അറിയാമോ എന്ന് എനിക്കറിയില്ല. ഞാനാണ് ഇങ്ങനെ മുങ്ങുന്നതെങ്കില്‍ മനോരമയും മാതൃഭൂമിയും കോണ്‍ഗ്രസുകാരും എന്ത് പറയും? എവിടെയോ വേറെ പൊണ്ടാട്ടി ഉണ്ടെന്ന് പറയും, എന്തോ അവിഹിത ഏര്‍പ്പാടുണ്ടെന്ന് പറയും. ഇത് വലിയ വീട്ടിലെ പയ്യനായത് കൊണ്ട് അങ്ങനെയൊന്നുമില്ല,' എംഎം മണി പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തില്‍ സിപിഐഎം ജാതി നോക്കി വീടു കയറി വോട്ടു പിടിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിനും എംഎം മണി മറുപടി നല്‍കി. 'എംഎം മണി അങ്ങനെ ജാതിയൊന്നും പറയില്ല. എനിക്ക് ഒരു ജാതിയുമില്ല. ഞാന്‍ ജനിച്ചത് ഈഴവ സമുദായത്തിലാണ്. ഞാനൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. എനിക്ക് എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയുമുണ്ട്. എല്ലാ ആളുകളോടും എനിക്ക് സഹാനുഭൂതിയാണ്,' എംഎം മണി പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയും ട്വന്റി 20 പാര്‍ട്ടിയും ഒരുമിച്ച് ചേര്‍ന്നുള്ള പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സിന് കേരളത്തില്‍ ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും എംഎം മണി അഭിപ്രായപ്പെട്ടു. 'ഡല്‍ഹിയിലും പഞ്ചാബിലുമൊക്കെ ഏശുന്നത് ഇവിടെ ഏശില്ല. ഇത് കേരളമാണ്. കമ്മ്യൂണിസ്റ്റ്കാരെ ആദ്യം ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിച്ച സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകന്‍മാരുടെ നാട്, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങി എല്ലാ മതത്തിലും പെട്ട മഹാന്‍മാര്‍ മഹത്തായ സംഭാവന ചെയ്ത നാടാണ്. ഡല്‍ഹിയിലും പഞ്ചാബിലുമൊക്ക നടക്കുന്ന വിവരക്കേട് ഇവിടെ നടക്കുമെന്ന് പറഞ്ഞാല്‍ ശുദ്ധ അസംബന്ധമാണ്,' എംഎം മണി പറഞ്ഞു. ഉമ തോമസ് മണ്ഡലത്തില്‍ ജയിക്കില്ലെന്നും സഭയില്‍ കയറണമെന്നുണ്ടെങ്കില്‍ പാസ് എടുത്ത് കയറാമെന്നും എംഎം മണി ആവര്‍ത്തിച്ചു.

Story Highlight: MM Mani against Rahul Gandhi; ask where he is going secretly

Next Story