Top

'ആവശ്യം പറഞ്ഞപ്പോള്‍ മന്ത്രി തടിയൂരി, എല്ലാവരും മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കും'; റവന്യൂ മന്ത്രിക്കെതിരെ എംഎം മണി

10 Dec 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആവശ്യം പറഞ്ഞപ്പോള്‍ മന്ത്രി തടിയൂരി, എല്ലാവരും മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കും; റവന്യൂ മന്ത്രിക്കെതിരെ എംഎം മണി
X

റവന്യൂ മന്ത്രി കെ രാജനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എംഎം മണി. ഭൂനിയമ ഭേദഗതി വരുത്തണമെന്ന തന്റെ ആവശ്യത്തോട് റവന്യൂ മന്ത്രി അനുകൂലമായല്ല സംസാരിച്ചതെന്ന് എംഎം മണി പറഞ്ഞു. ആവശ്യം നേടിയെടുക്കാന്‍ എല്ലാവരും മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നും എംഎം പറഞ്ഞു. ഇന്നലെ രാജാക്കാട് ഏരിയ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

ഭൂനിയമ ഭേദഗതി നടത്തണെമന്ന് നിയമസഭയില്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. അതിനോടത്ര ഭംഗിയായല്ല മന്ത്രി പ്രതികരിച്ചത്. ഭേദഗതി നടത്താമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞെങ്കിലും അത് തടിയൂരാന്‍ വേണ്ടി പറഞ്ഞതായാണ് തനിക്ക് തോന്നിയത്. അതിനാല്‍ എല്ലാവരും കൂടി മുണ്ട് മടക്കി കുത്തി ഇറങ്ങുന്നത് നന്നായിരിക്കുമെന്നാണ് മണിയുടെ പരാമര്‍ശം.

ഭൂപതിവ് നിയമത്തില്‍ വാണിജ്യാവിശ്യത്തിനുള്ള നിര്‍മാണത്തിന് വിലക്കുണ്ട്. നിലവില്‍ കൃഷിയാവശ്യത്തിനും വീടുകള്‍ക്കും മാത്രമാണ് അനുമതിയുള്ളത്. വാണിജ്യാവശ്യത്തിനുള്ള വിലക്കിന് ഇളവ് വരുത്തണമെന്നാണ് ആവശ്യം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമസാധുത വിലയിരുത്തി മാത്രമേ നടപടികള്‍ സ്വീകരിക്കാനാവൂയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Next Story