Top

'നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തോട്, പത്രക്കാരോടല്ല'; ശശി തരൂരിനെതിരെ എംഎം ഹസന്‍

തരൂര്‍ രണ്ടാം ഘട്ട മലബാര്‍ പര്യടനത്തിനൊരുങ്ങവേയാണ് ഹസന്റെ ഈ വിമര്‍ശനം.

10 Jan 2023 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭയിലേക്ക് മത്സരിക്കണമെങ്കില്‍ പറയേണ്ടത് പാര്‍ട്ടി നേതൃത്വത്തോട്, പത്രക്കാരോടല്ല; ശശി തരൂരിനെതിരെ എംഎം ഹസന്‍
X

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ വിമര്‍ശനമുന്നയിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന തരൂരിന്റെ പ്രസ്താവനക്കെതിരായാണ് ഹസന്റെ പ്രതികരണം. നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പര്യമെങ്കില്‍ തരൂര്‍ അത് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കണമെന്നും അല്ലാതെ പത്രക്കാരോടല്ല പറയേണ്ടതെന്നുമാണ് ഹസന്റെ വിമര്‍ശനം.

സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയിലേക്ക് മത്സരിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് തരൂര്‍ പറഞ്ഞിരുന്നു. കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

തരൂര്‍ രണ്ടാം ഘട്ട മലബാര്‍ പര്യടനത്തിനൊരുങ്ങവേയാണ് ഹസന്റെ ഈ വിമര്‍ശനം. ബുധനാഴ്ച മുതലാണ് മലബാര്‍ പര്യടനം ആരംഭിക്കുക. ആദ്യഘട്ട സന്ദര്‍ശനത്തില്‍ എത്താത്ത ഇടങ്ങളിലാണ് രണ്ടാംഘട്ട സന്ദര്‍ശനം. ഇരു വിഭാഗം സുന്നി നേതാക്കളെയും തരൂര്‍ സന്ദര്‍ശിക്കും. ബുധനാഴ്ച ജിഫ്രി മുത്തുക്കാേയ തങ്ങളുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കും. വ്യാഴാഴ്ച കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരെ എംകെ മുനീറിനൊപ്പം സന്ദര്‍ശിക്കും. സാമൂതിരി രാജയും തരൂരിന് ഓപ്പമുണ്ടായേക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് മലപ്പുറത്തേക്ക് എത്തുക. എംഇഎസിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ മെഡിക്കല്‍ കോളജില്‍ നടത്തുന്ന അയ്യായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മുഖാമുഖം പരിപാടിയില്‍ തരൂര്‍ പങ്കെടുക്കും. വ്യാഴാഴ്ച മലപ്പുറം ജില്ല പഞ്ചായത്തിന്റെ ബിരുദദാന ചടങ്ങിലും തുടര്‍ന്ന് ചെമ്മാട് ദാറുല്‍ ഹുദ ഇസ് ലാമിക് സര്‍വകലാശാലയിലെ ചടങ്ങിലും അതിഥിയാകും.

വെളളിയാഴ്ചത്തെ പര്യടനം ആരംഭിക്കുക ശ്രീകണ്‌ഠേശ്വരം ക്ഷേത്ര ദര്‍ശനത്തോടെയാണ്. ഇ. അഹമ്മദിന്റെ സ്മരണയ്ക്കായി കണ്ണൂരിലെ മുസ്‌ലിം ലീഗ് നേതൃത്വം സംഘടിപ്പിക്കുന്ന ചടങ്ങിലടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കും. എംകെ രാഘവന്‍ എംപി തന്നെയാണ് ശശി തരൂരിന്റെ രണ്ടാം മലബാര്‍ പര്യടനത്തിന്റെയും ചുക്കാന്‍ പിടിക്കുന്നത്.

Story Highlights: MM HASAN AGAINST SASHI THAROOR

Next Story