'സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക'; എല്‍ഡിഎഫ് സഹയാത്രികരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
4 April 2022 1:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കേരളത്തിന് ബാധ്യതയാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫ് സഹയാത്രികരായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ളാഗ് ആണ് പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടത്.
കേരളത്തിന് ബാധ്യതയാകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, നിയോ ലിബറല്‍ നയങ്ങളിലൂടെ അല്ല, ഉല്‍പ്പാദന മേഖലയുടെ പുന:സംഘാടനത്തിലൂടെയാണ് കേരളത്തിന്റെ ഭാവി എന്നാണ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ളാഗിന്റെ പ്രതികരണം.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ യുവജന സംഘടനയായ യുവജനവേദി ഏപ്രില്‍ 12ന് എറണാകുളത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പിസി ഉണ്ണിച്ചെക്കനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനോടൊപ്പം ചേര്‍ന്ന് മത്സരിക്കുന്ന പാര്‍ട്ടിക്ക് പലയിടത്തും കൗണ്‍സിലര്‍മാരും വാര്‍ഡ് മെമ്പര്‍മാരും ഉണ്ടായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ റെഡ് ഫ്‌ളാഗിന് സീറ്റുകളൊന്നും എല്‍ഡിഎഫ് നല്‍കിയിരുന്നില്ലെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രചരണ ജാഥകള്‍ നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി അഭിവാദ്യവും നേര്‍ന്നിരുന്നു.
STORY HIGHLIGHTS: MLPI REDFLAG AGAINST SILVERLINE PROJECT