Top

'ബലൂണിനെയും കുത്തുന്ന സൂചിയെയും സൂചി പിടിക്കുന്ന കൈകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു'; എം കെ രാഘവന്‍

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തരൂരിനെ പരമാവധി ഉപയോഗിക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും എം കെ രാഘവന്‍

23 Nov 2022 5:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബലൂണിനെയും കുത്തുന്ന സൂചിയെയും സൂചി പിടിക്കുന്ന കൈകളെയും ഞങ്ങള്‍ ബഹുമാനിക്കുന്നു; എം കെ രാഘവന്‍
X

കണ്ണൂര്‍: വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം കെ രാഘവന്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താനും ശശി തരൂരും പ്രവര്‍ത്തിക്കുന്നതെന്നും ഇതില്‍ ഒരു വിഭാഗീയതയില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ തരൂരിനെ വിലക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്നലെ രാവിലെ തന്നെ പരാതി അയച്ചു. പരിപാടി മാറ്റിവെക്കാനുള്ള സാഹചര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളുമായിരുന്നു പരിപാടിയുടെ വിഷയം. കാലികപ്രാധാന്യമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ യൂത്ത് കോണ്‍ഗ്രസ് എന്തിന് മാറ്റിവെച്ചു? ആരാണ് നിര്‍ദേശം നല്‍കിയത്? അത് അന്വേഷിച്ച് കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷനും സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കെപിസിസി അദ്ധ്യക്ഷനും പരാതി അയച്ചു. മുന്‍വിധി ഇല്ല, പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തണം', എം കെ രാഘവന്‍ പറഞ്ഞു.

'കുത്തിയാല്‍ പൊട്ടുന്ന ബലൂണിനെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍, അതിനുപയോഗിക്കുന്ന സൂചിയെ ബഹുമാനിക്കുന്നവരാണ്, ആ സൂചി പിടിക്കുന്ന കൈകളെയും ബഹുമാനിക്കുന്നവരാണ്. ഞങ്ങളുടെ രാഷ്ട്രീയം അതാണ്. ഞങ്ങളുടെ പ്രവര്‍ത്തനം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ്. തര്‍ക്കത്തിനും വിവാദങ്ങള്‍ക്കും ഇല്ല. വിഭാഗീയ പ്രവര്‍ത്തനമല്ല നടത്തുന്നത്. നേതൃത്വം വിളിച്ചാല്‍ ഇക്കാര്യം സംസാരിക്കാന്‍ തയ്യാറാണ്. ഞങ്ങള്‍ പാര്‍ട്ടിയുടെ താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ചര്‍ച്ച വേണമോ എന്ന് നേതൃത്വം തീരുമാനിക്കണം. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകും.' പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ തരൂരിനെ പരമാവധി ഉപയോഗിക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും എം കെ രാഘവന്‍ പറഞ്ഞു.

Story Highlights: MK Raghavan's Response Supporting Shashi Tharoor

Next Story