Top

'തരൂരിനെ വിലക്കിയതിന് പിന്നിലാര്?'; കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് രാഘവന്റെ പരാതി

ഇന്നത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കോ തടസമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ണൂര്‍ ഡിസിസി.

23 Nov 2022 3:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തരൂരിനെ വിലക്കിയതിന് പിന്നിലാര്?; കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് രാഘവന്റെ പരാതി
X

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ ശശി തരൂരിനെ വിലക്കിയ സംഭവത്തില്‍ എംകെ രാഘവന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. പ്രത്യേക കമ്മീഷനെ വച്ച് വിലക്കിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നാണ് എംകെ രാഘവന്റെ ആവശ്യം.

ആരാണ് തരൂരിനെ വിലക്കിയതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് സംഭവത്തിന് പിന്നാലെ എംകെ രാഘവന്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയനേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഘവന്റെ പരാമര്‍ശത്തെ പിന്തുണച്ച് തരൂരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംകെ രാഘവന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം, ശശി തരൂരിന്റെ മലബാറിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. കഴിഞ്ഞദിവസങ്ങളിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിനുശേഷം തരൂര്‍ ഇന്ന് കണ്ണൂരിലെത്തും. തരൂര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കോ തടസമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ണൂര്‍ ഡിസിസി അറിയിച്ചു.

ഒമ്പത് മണിക്ക് തലശേരി ബിഷപ്പ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് കോണ്‍ഗ്രസ് ഭവനിലെത്തി നേതാക്കളെ കാണും. 10.45നു പള്ളിക്കുന്നിലെ വസതിയിലെത്തി അന്തരിച്ച സതീശന്‍ പാച്ചേനിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. 11.15ന് ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ ജവഹര്‍ ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റര്‍ സംഘടിപ്പിക്കുന്ന നെഹ്‌റു സ്മാരക പ്രഭാഷണത്തില്‍ 'മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ശേഷം വൈകുന്നേരം 3.50ന് തിരുവനന്തപുരത്തേക്കു മടങ്ങും.

Next Story

Popular Stories