Top

'സര്‍ക്കാര്‍ അനുകൂലികളെ മര്‍ദ്ദിക്കാനുള്ള ജനവിധിയാണോ'; നെഞ്ചത്തുകൂടി കെ റെയില്‍ ആഗ്രഹിക്കുന്നെങ്കില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്നും എംകെ മുനീര്‍

'വെള്ളം മുഴുവന്‍ മലിനമാകും. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാവില്ലെന്ന് പറയുന്നു'

14 March 2022 9:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ അനുകൂലികളെ മര്‍ദ്ദിക്കാനുള്ള ജനവിധിയാണോ; നെഞ്ചത്തുകൂടി കെ റെയില്‍ ആഗ്രഹിക്കുന്നെങ്കില്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലെന്നും എംകെ മുനീര്‍
X

തിരുവനന്തപുരം: ജനങ്ങളുടേയും പ്രതിപക്ഷത്തിന്റേയും നെഞ്ചത്ത് കൂടി കെ റെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് എംകെ മുനീര്‍ എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു എംകെ മുനീറിന്റെ പ്രസ്താവന. സര്‍ക്കാര്‍ അനുകൂലികളായ സാധരണക്കാരെ തന്നെ മര്‍ദ്ദിക്കാനുള്ള ജനവിധിയാണോ നിങ്ങള്‍ക്ക് കിട്ടിയിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു. തൂണ്‍ പൊരിച്ചാല്‍ കുറച്ച് അടിയൊക്കെ കിട്ടും. ഇനിയും കളിച്ചാല്‍ ഇനിയും കിട്ടും. വികസനം തടസപ്പെടുത്താന്‍ ആര് ശ്രമിച്ചാലും സര്‍ക്കാര്‍ മുന്നോട്ട് പോകും. ഏത് ജാതി മത സാമുദായിക ശക്തികളും ഇവന്റ് മോനേജ്‌മെന്റും ശ്രമിച്ചാലും തങ്ങള്‍ മുന്നോട്ട് പോകുമെന്നും ഷംസീര്‍ സഭയില്‍ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയാണ് എംകെ മുനീര്‍ സഭയില്‍ നല്‍കിയത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യമായത് കൊണ്ട് ഡിപിആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് ആര്‍ടിഐ ഓഫീസര്‍ പറഞ്ഞത്. എന്നാല്‍, അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോള്‍ ഡിപിആര്‍ പുറത്ത് വന്നുവെന്ന് മുനീര്‍ ചൂണ്ടിക്കാട്ടി. കെ റെയില്‍ അല്ല പ്രധാനം, കേരളമാണ്. കെ റെയില്‍ വേണമോ, കേരളം വേണമോ എന്ന് മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം. കേരളം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ സമ്മതിക്കുകില്ലെന്നും അദ്ദേഹം പറഞ്ഞു.

എംകെ മുനീര്‍ എംഎല്‍എയുടെ വാക്കുകള്‍:

കെ റെയില്‍ ചര്‍ച്ചയാണോ ബജറ്റ് ചര്‍ച്ചയാണോ എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. സിപിഐയുടെ ഉന്നത നേതാക്കന്മാരുടെ മക്കളും പേരക്കുട്ടികളും പദ്ധതിയെ എതിര്‍ത്ത് സംസ്ഥാന സെക്രട്ടറിയെ കാണാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സിപിഐ പ്രതിനിധിയായ സുപാലിന് കെ റെയിലിനെ അനുകൂലിച്ച് സംസാരിക്കാന്‍ സാധിക്കുകയില്ല. അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്ത മുഖ്യമന്ത്രി അനുമതി നല്‍കിയപ്പോള്‍ സംസാരിക്കാന്‍ ഞാന്‍ ഇവിടെയുണ്ടായി എന്നത് കാവ്യനീതിയാണ്. എല്ലാം വളഞ്ഞ് തിരിഞ്ഞ് ഇങ്ങനെ തന്നെ വരും. താനൂര്‍ സിഐയുടെ നേതൃത്വത്തില്‍ താനാളൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍ ഷെബ്‌നാ ആഷിഖിന്റെ ജേഷ്ഠന്റെ ഭാര്യയെ പുരുഷ പൊലീസുകാര്‍ അവരിട്ടിരുന്ന മാക്‌സി വലിച്ചു കീറി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് സല്‍മ്മത്തിനെയും ജില്ലാ പ്രസിഡന്റ് ഷാഫിയേയും മര്‍ദ്ദിച്ചു. മുന്‍ നോട്ടീസില്ലാതെ കല്ലിടാന്‍ വന്നപ്പോള്‍ തടഞ്ഞതിനായിരുന്നു മര്‍ദ്ദനം. ചെങ്ങന്നൂരില്‍ ഡിഗ്രി വിദ്യാര്‍ത്ഥി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. അതിന് ശേഷവും ഉദ്യോഗസ്ഥര്‍ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ചു തിരിച്ചുപോയി എന്നറിഞ്ഞു.

ഷംസീര്‍ പറഞ്ഞതുപോലെ നിങ്ങളുടെ തന്നെ ആളുകളെ മര്‍ദ്ദിക്കാനാണോ മാന്‍ഡേറ്റ് തന്നിട്ടുള്ളത്. പലസ്ഥലത്തും നിങ്ങളുടെ പൊലീസ് അടിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളുടെ തന്നെ പ്രവര്‍ത്തകരേയാണ്. സിപിഐ പ്രവര്‍ത്തകരെയാണ്. അവരൊക്കെ നിങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഞങ്ങളുടെ നെഞ്ചത്തുകൂടെ പദ്ധതി നടപ്പാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ഇനിയും അടിക്കുമെന്ന് പറയാന്‍ മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല. നിങ്ങള്‍ അടിച്ചാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുന്ന ഒരു സമൂഹമല്ല ഇവിടെയുള്ളത്.

രാജ്യസുക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യമായത് കൊണ്ട് ഡിപിആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നാണ് ആര്‍ടിഐ ഓഫീസര്‍ പറഞ്ഞത്. എന്നാല്‍, അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് കത്ത് കൊടുത്തപ്പോള്‍ ഡിപിആര്‍ പുറത്ത് വന്നു. ഡിപിആര്‍ പുറത്ത് വരുന്നതിന് മുമ്പ് സാമൂഹിക ആഘാതം പഠനം തുടങ്ങി. മഞ്ഞ കല്ലിടാന്‍ തുടങ്ങി. വെള്ളപ്പൊക്കമുണ്ടാവുമെന്ന് ഡിപിആര്‍ പറയുന്നു. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുമെന്ന് പറയുന്നു. പദ്ധതിയ്ക്ക് ആവശ്യമായ കല്ലും മണലും കേരളത്തില്‍ നിന്നും ലഭിക്കില്ലെന്നും ഡിപിആറില്‍ ഉണ്ട്. അതിനാല്‍ ഇവ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യാന്‍ പോവുകയാണ്. വെള്ളം മുഴുവന്‍ മലിനമാകും. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഉണ്ടാവില്ലെന്ന് പറയുന്നു. സാമ്പത്തികമായി ഒരിക്കലും ലാഭകരമല്ലാത്ത പദ്ധതിയാണിത്. കെ റെയില്‍ അല്ല പ്രധാനം, കേരളമാണ്. കെ റെയില്‍ വേണമോ, കേരളം വേണമോ എന്ന് മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാം. കേരളം വിട്ടുകൊടുക്കാന്‍ ജനങ്ങള്‍ സമ്മതിക്കുകില്ല.

എംകെ മുനീറിന്റെ പ്രസംഗം കൃത്യസമയത്ത് നിര്‍ത്തിയതിന് സ്പീക്കര്‍ എംഎല്‍എയ്ക്ക് പ്രത്യേകം നന്ദിയറിയിച്ചു.

STORY HIGHLIGHTS: MK Muneer speech in Assembly on K Rail discussion

Next Story