Top

'സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ്'; മുഖ്യമന്ത്രിക്കെതിര അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് എംകെ മുനീര്‍

'കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് നല്‍കി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചു'

30 April 2022 11:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള കേസ്; മുഖ്യമന്ത്രിക്കെതിര അവകാശ ലംഘന നോട്ടീസ് നല്‍കുമെന്ന് എംകെ മുനീര്‍
X

കോഴിക്കോട്: പൗരത്വ ബില്ലിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് നല്‍കി മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിച്ചുവെന്ന് എംകെ മുനീര്‍ എംഎല്‍എ. ഉറപ്പ് പാലിക്കാത്ത മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും മുസ്ലിം ലീഗ് നിയമസഭാ ഉപനേതാവ് കൂടിയായ മുനീര്‍ അറിയിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പിഴയടയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചവര്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സംസ്ഥാനം കേരളമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പരിപാടിയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ നടന്ന പരിപാടിയിലാണ് സഹായം വിതരണം ചെയ്തത്.

പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് 836 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സമരം ചെയ്ത വിവിധ മുസ്‌ലിം സംഘടനാ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് കേസുകളില്‍ പ്രതികളാക്കപ്പെട്ടത്. പൗരത്വ നിയമത്തിനെതിരായ യൂത്ത് ലീഗ് സമരം ഉദ്ഘാടനം ചെയ്തതിനാണ് കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എംഎ റസാഖ് മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

സമരത്തില്‍ പങ്കെടുത്തവരുടെ കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ പിണറായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇത് പൂര്‍ണ്ണമായി നടന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ശബരിമല വിധി, പൗരത്വ നിയമം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന വിവിധ സംഭവങ്ങളില്‍ ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവിറക്കിയിരുന്നു.

STORY HIGHLIGHTS: MK Muneer says breach of privilege notice will be issued against CM Pinarayi Vijayan in Case against anti-CAA protesters

Next Story