Top

സിഎംഎ പരീക്ഷ നടത്തിപ്പിലെ പാകപ്പിഴകൾ; ഭാവി അനിശ്ചിതത്വത്തിലെന്ന് വിദ്യാ‍ർത്ഥികൾ

2019 ന് ശേഷം പരീക്ഷ ഓൺലൈനാക്കി

12 July 2022 3:48 PM GMT
ശ്രുതി എആർ

സിഎംഎ പരീക്ഷ നടത്തിപ്പിലെ പാകപ്പിഴകൾ; ഭാവി അനിശ്ചിതത്വത്തിലെന്ന് വിദ്യാ‍ർത്ഥികൾ
X

പരീക്ഷ നടത്തിപ്പിലെ പാകപ്പിഴകൾ മൂലം കഴിഞ്ഞ രണ്ട് വർഷമായി കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടന്റ്(സിഎംഎ) വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പരീക്ഷകളിലുടനീളം സാങ്കേതിക ബുന്ധിമുട്ടുകൾ നേരിട്ടതായി വിദ്യാർത്ഥികൾ പറഞ്ഞു. മാനദണ്ഡങ്ങൾ പാലിക്കപ്പെടാതെ നടന്ന പരീക്ഷയിൽ കൂട്ട കോപ്പിയടിയും നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മലപ്പുറം, തൃശൂർ ജില്ലകളിലാണ് ഏറ്റവും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഓൺലൈനായി നടന്ന പരീക്ഷ പലയിടത്തും മണിക്കൂറുകൾ വൈകിയാണ് ആരംഭിച്ചത്. ചില വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ഓപ്പൺ ചെയ്യാൻ സാധിച്ചില്ല. മറ്റു ചിലർക്ക് ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. പരീക്ഷ കഴിഞ്ഞ് രാത്രി ഒമ്പത് മണിക്ക് വീട്ടിലെത്തിയ അനുഭവമുണ്ടായതായി വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ പൂർത്തികരിക്കാൻ സാധിക്കാതെ പരീക്ഷ കേന്ദ്രങ്ങളിൽ നിന്ന് ചില വിദ്യാർത്ഥികൾക്ക് ഇറങ്ങി പോകേണ്ടി വന്നതായും അവർ പറഞ്ഞു. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിൻറെ നിയന്ത്രണത്തിലുള്ള ഐസിഎഐ(ഐസിഎംഎഐ) ആണ് കോഴ്സ് നടത്തുന്നത്. പ്രശ്നങ്ങൾ നേരിട്ട കേന്ദ്രങ്ങളിലെ പരീക്ഷകൾ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തുമെന്ന് ഐസിഎഐ പത്രകുറിപ്പ് ഇറക്കിയിട്ടുണ്ട്.

2019 ഡിസംബറിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പരീക്ഷ ഓൺലൈനാക്കുകയായിരുന്നു. 2020ൽ ജൂണിലെ പരീക്ഷ ആദ്യം മാറ്റിവയക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു. 2020 ഡിസംബറിലെ പരീക്ഷ ഓൺലൈനായി നടത്തുമെന്നറിയിച്ചിരുന്നെങ്കിലും മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കാൻ സാധിച്ചില്ലെന്നു കാണിച്ച് പരീക്ഷ ജനുവരിയിലേക്ക് മാറ്റി. യാതൊരുതരത്തിലുള്ള മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് പിന്നീട് പരീക്ഷ നടത്തിയത്.

കമ്പ്യൂട്ടറും ലാപ്ടോപ്പുമുള്ളവർക്ക് വീട്ടിൽ ഇരുന്നും, ഈ സൗകര്യം ഇല്ലാത്തവർക്ക് പ്രത്യേകം പരീക്ഷ കേന്ദ്രങ്ങളും സജ്ജമാക്കി. 60 കിലോ മീറ്ററോളം വരെ സഞ്ചരിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിയത്. വീടുകളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ലോഗിൻ ചെയ്യുന്നതിന് പാസ്കീ എന്ന രഹസ്യ ഡിജിറ്റുകൾ ലഭിച്ചില്ല. സ്വകാര്യ ഏജൻസിക്കാണ് ഐസിഎഐ പരീക്ഷ നടത്തിപ്പിന്റെ ചുമതല നൽകിയിരുന്നത്. വിദ്യാർത്ഥികൾ നേരിട്ട പല പ്രശ്നങ്ങളും അവർക്ക് പരിഹരിച്ച് നൽകാൻ ആയില്ല. ജോലി സാധ്യതകൾ ഏറെയുള്ള ഈ കോഴ്സ് ഒരുപാട് പേർ തെരഞ്ഞെടുക്കുന്നുണ്ട് അവരുടെ ഭാവി ഇത്തരത്തിൽ ഇല്ലാതാക്കരുതെന്നാണ് വിദ്യാർത്ഥികൾക്ക് പറയാനുള്ളത്.

"ഈ വർഷം ഓഫ് ലൈനായിട്ട് എക്സാം നടത്തുമെന്നാണ് കരുതിയത്. കഴിഞ്ഞ വർഷം ഉണ്ടായതു പോലെ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കരുതിയിരുന്നു. ജൂൺ 27നാണ് പരീക്ഷ തുടങ്ങിയത്. എനിക്ക് കിട്ടിയ എക്സാം സെൻറർ തൃശൂരുള്ള ഒരു കോളേജായിരുന്നു. രണ്ട് ബാച്ചിനാണ് പരീക്ഷ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരുന്നതിനാൽ രണ്ട് ബാച്ചായി പരീക്ഷ നടത്തി. പത്ത് മണിക്ക് ആരംഭിക്കേണ്ട പരീക്ഷ മണിക്കൂറുകൾ വൈകിയാണ് തുടങ്ങിയത്. മിക്ക കേന്ദ്രങ്ങളിലും ഇതായിരുന്നു അവസ്ഥ. സാങ്കേതിക പ്രശ്നങ്ങൾ തന്നെയായിരുന്നു ഇത്തവണയും വലിയ തിരിച്ചടിയായത്. ചിലർക്ക് ചോദ്യപേപ്പർ ലോഡ് ആയില്ല.

ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാതെ ചിലർക്ക് ഇറങ്ങി പോകേണ്ട അവസ്ഥ വരെ ഉണ്ടായി. ആദ്യ ബാച്ചിൻറെ പരീക്ഷ കഴിഞ്ഞിട്ടായിരുന്നു രണ്ടാമത്തെ ബാച്ച് കയറേണ്ടിയിരുന്നത്. ഉച്ചതിരിഞ്ഞും ഇതേ പ്രശ്നങ്ങൾ തന്നെ ആവർത്തിച്ചു. രാത്രി 9 മണിവരെ ചിലർക്ക് പരീക്ഷ എഴുതേണ്ടി വന്നു. ഞാൻ പരീക്ഷ എഴുതാൻ തുടങ്ങിയപ്പോൾ സിസ്റ്റം ഓഫായി. വേറെ സിസ്റ്റത്തിലേക്ക് മാറി ഇരുന്ന് ആദ്യം മുതൽ പരീക്ഷ എഴുതേണ്ടി വന്നു. സ്കൂൾ ലെവൽ എക്സാമിൻറ പോലും ഗൗരവം ഇൻവിജിലേറ്റേഴ്സിൻറെ ഭാഗത്തുനിന്നും ഉണ്ടായില്ല.

ഇൻസ്റ്റിറ്റ്യൂട്ടിൻറെ മുദ്രയുള്ള പേപ്പറാണ് വർക്ക് ഷീറ്റായി തരിക അതിൽ ഇൻവിജിലേറ്റേഴ്സിൻറെ ഒപ്പ് നിർബന്ധമാണ്. എന്നാൽ ഇത്തവണ തന്നതിൽ അവർ ഒപ്പിട്ട് നൽകിയില്ല. പരീക്ഷ എഴുതിയതിന് തെളിവായി ഹാൾടിക്കറ്റിലും ഒപ്പിടാൻ പോലും ഇൻവിജിലേറ്റേഴ്സ് തയാറായില്ല. കഴിഞ്ഞ തവണ കമ്പ്യൂട്ടർ ലാബുകളിലായിരുന്നു പരീക്ഷ. ഇത്തവണ വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരുന്നതിനാൽ കോളേജ് ഓഡിറ്റോറിയത്തിലും പരീക്ഷ നടത്തി. വിദ്യാർത്ഥിക്ക് ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാം. അടുപ്പിച്ചുള്ള സീറ്റിങ് അറേഞ്ച്മെൻറ്. വലിയ വീഴ്ചയാണ് പരീക്ഷ നടത്തിപ്പിൽ ഉണ്ടായത്" – അശ്വതി വി എസ്, ഫൈനൽസ് വിദ്യാർത്ഥിനി.

"എക്സാം വൈകിയാണ് തുടങ്ങിയത്. കൂൾ ഓഫ് ടൈമിൽ ചോദ്യപേപ്പർ വായിച്ചപ്പോൾ ഇൻകംപ്ലീറ്റായാണ് ചോദ്യങ്ങൾ കണ്ടത്. ഒരു എക്സാമിനാണ് പോയത്"- ഡാലി, ഫൗണ്ടേഷൻ വിദ്യാ‍ർത്ഥിനി.

"ഒന്നരയ്ക്കായിരുന്നു റിപ്പോർട്ടിങ് ടൈം ഞങ്ങൾ കൃത്യസമയത്ത് എത്തി പക്ഷെ ഹാളിലേക്ക് കയറ്റിയത് മൂന്ന് മണിക്കായിരുന്നു. അഞ്ചരക്ക് കഴിയേണ്ട പരീക്ഷ കഴിയേണ്ട പരീക്ഷ എനിക്ക് തുടങ്ങിയത് നാലരയ്ക്കാണ്. ലോഗിൻ ചെയ്യാൻ പറ്റിയില്ല. അവർക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. എക്സാമിന്റെ ഇടയിൽ നെറ്റ് വർക്ക് പോയി. ഏഴേ കാലിന് കഴിയേണ്ട പരീക്ഷയ്ക്ക് പിന്നെയും അധിക സമയം കാണിച്ചു. ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാൻ സാധിച്ചില്ല. ഉത്തരം സബ്മിറ്റ് ചെയ്യാതെയാണ് ഞാൻ ഇറങ്ങിപോന്നത്. വീട്ടുകാർക്ക് ടെൻഷനായി. ബസ് കിട്ടുമോ എന്നൊക്കെ. വീട്ടിൽ എത്തിയപ്പോൾ രാത്രി ഒമ്പത് മണിയായി. രണ്ടാമത്തെ ദിവസം ഈ പ്രശ്നങ്ങൾ ഏകദേശം കുറഞ്ഞു. എന്നാലും ഇടയ്ക്ക് വച്ച് സിസ്റ്റം ഹാങ്ങായി. വേറെ സിസ്റ്റത്തിലേക്ക് കണക്ട് ചെയ്യേണ്ടി വന്നു. പിന്നെ ഒരു ദിവസം ലോഗിൻ ചെയ്തപ്പോൾ എറർ കാണിച്ചു. പതിനഞ്ച് മിനിറ്റ് കഴി‍ഞ്ഞാണ് ശരിയായത്. ഓരോ ചോദ്യം ചെയ്യുമ്പോഴും വർക്ക് ഷീറ്റ് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. അത് ഇൻവിജിലേറ്റേഴ്സ് വേണം ചെയ്യാൻ. പത്ത് നാൽപ്പത് കുട്ടികൾക്കായി രണ്ട് ഇൻവിജിലേറ്റേഴ്സാണ് ഉണ്ടായത്. ചോദ്യപേപ്പറിൽ അവസാനഭാഗത്താണ് കണക്കുകൾ ചെയ്യേണ്ട ചോദ്യങ്ങൾ വരിക രണ്ട് ഇൻവിജിലേറ്റേഴ്സിന് ഇത്രയും കുട്ടികളുടെ അടുത്ത് ഓടി എത്താൻ കഴിഞ്ഞില്ല. ചില കുട്ടികൾ ചെയ്യാതെ പോയി." - അലിഡ സെബാസ്റ്റ്യൻ ഫൈനൽസ് വിദ്യാർത്ഥിനി

" ഇനിയുള്ള എക്സാമിലെങ്കിലും എല്ലാവർക്കും അപ്പിയർ ചെയ്യാൻ സാധിക്കണം. കഴിഞ്ഞ പരീക്ഷകളിലെ പോലെ പ്രശ്നങ്ങൾ ആവർത്തിക്കരുതെന്നാണ് ഞങ്ങളുടെ ആവശ്യം. കാൽക്കുലേഷൻസ് വരുന്ന പരീക്ഷകളിൽ സമയം നഷ്ടമാകുന്നത് മാനസികമായി തളർത്തും. ഇൻവിജിലേറ്റേഴ്സ് അപ് ലോഡ് ചെയ്യുമ്പോൾ രണ്ട് മിനിറ്റ്, മൂന്ന് മിനിറ്റ് വരെ സമയം നഷ്ടമായി. അ‍ഞ്ച് വിദ്യാർത്ഥികൾക്ക് ഒരു ഇൻവിജിലേറ്റേഴ്സ് ആയിരുന്നേൽ സമയ നഷ്ടം ഉണ്ടാകില്ലായിരുന്നു. എന്റെ സുഹൃത്തിന് പാലക്കാടായിരുന്നു സെന്റർ. രാവിലെ തുടങ്ങേണ്ട പരീക്ഷ ആരംഭിച്ചത് അഞ്ച് മണിക്കായിരുന്നു. എട്ട് ദിവസം തുടർച്ചയായി പരീക്ഷ വരുമ്പോൾ ബുദ്ധിമുട്ടായി. ഇൻവിജിലേറ്റേഴ്സിന് വലിയ ധാരണയുണ്ടായിരുന്നില്ല. ഹാൾടിക്കറ്റ് പോലും ചോദിച്ചില്ല."- മുഹമ്മദ് ആഷിഖ് ഫൈനൽസ് വിദ്യാർത്ഥി

ഐസിഎഐ എന്നത് പാർലിമെന്റ് പാസാക്കിയ നിയമം വഴി നിലവിൽ വന്ന സ്ഥാപനമാണ്. അത്തരത്തിലൊരു സ്ഥാപനം പരീക്ഷ നടത്തിപ്പിനായി ഔട്ട്സോഴ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. ഐസിഎഐ ഭാഗത്തുനിന്ന് വന്ന വീഴ്ചകളെ ചില വിദ്യാർത്ഥികൾ മുതലെടുത്തെന്നും സിഎംഎ പ്രൊഫഷ്ണലും അധ്യാപകനുമായ റാം അഭിപ്രായപ്പെട്ടു.

" ചില സെന്ററുകളിലും പ്രശ്നങ്ങൾ ഉണ്ടായി. ഹാൾടിക്കറ്റിൽ സൈൻ ചെയ്യാൻ നിർദേശം ഉണ്ടായില്ലെന്നാണ് ഇൻവിജിലേറ്റേഴ്സ് പറഞ്ഞത്. കുട്ടി പരീക്ഷയ്ക്ക് എത്തി എന്നതിന് തെളിവാണിത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട് പ്രശ്നങ്ങൾ ഉണ്ടായ സെന്ററുകളിലെ പരീക്ഷ റദ്ദാക്കിയെന്നും പിന്നീട് നടത്തുമെന്നും. കുട്ടികൾ വളരെ അധികം ബുദ്ധിമുട്ടാണ് ഉണ്ടായത്. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇത്രയും കഷ്ടപ്പെട്ട് പരീക്ഷയ്ക്ക് തയ്യാറെടുത്ത് വന്നിട്ട് കുട്ടികൾ ബുദ്ധിമുട്ട് ഉണ്ടായത് വിഷമിപ്പിക്കുന്ന സംഭവമാണ്. എന്നാൽ ചിലയിടങ്ങളിൽ പരീക്ഷ നടത്തിപ്പിലുണ്ടായ വീഴ്ച ചില വിദ്യാർത്ഥികൾ മുതലെടുത്തു. ശരിയായ പ്രവണതയല്ല. ഇത്രയും റെപ്യൂട്ടടായിട്ടുള്ള കോഴ്സാണ്. മറ്റൊരാളിൽ നിന്ന് കോപ്പി ചെയ്യുന്നത് എത്തിക്ക്സിന് എതിരാണ്. ഐസിഎഐ എന്നത് പാർലിമെന്റ് നിയമം വഴി നിലവിൽ വന്ന സ്ഥാപനമാണ്. അത്തരത്തിലൊരു സ്ഥാപനം പരീക്ഷ നടത്തിപ്പിനായി ഔട്ട്സോഴ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. ചട്ടപ്രകാരം പരീക്ഷ ഹാളിൽ സിസിടിവി വേണ്ടതായിരുന്നു. പരീക്ഷ കേന്ദ്രങ്ങൾ പ്രാധാന്യം നൽകേണ്ടതായിരുന്നു. ഓൺലൈൻ എക്സാം ആയതുകൊണ്ട് വീണ്ടും പരീക്ഷ നടത്താൻ സാധിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ശരിയായ നടപടിയെടുക്കുമെന്നാണ് അറിയാൻ സാധിച്ചത്. പരീക്ഷ റദ്ദാക്കിയ സെന്ററുകളിൽ പരീക്ഷ എഴുതിയ കുട്ടികൾക്ക് മെയിൽ വന്നിട്ടുണ്ട്. " റാം സിഎംഎ, ടീച്ചിങ് ഫാക്കൽറ്റി മണപ്പുറം

Next Story