Top

ബിജെപി പ്രവര്‍ത്തകനെ കൊന്ന സംഭവം; 'ദൃശ്യം മോഡല്‍' മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്

മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിന്ദുമോന്റെ കുടുംബം രംഗത്തെത്തി

1 Oct 2022 11:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി പ്രവര്‍ത്തകനെ കൊന്ന സംഭവം; ദൃശ്യം മോഡല്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്
X

ആലപ്പുഴ: ചങ്ങനാശേരിയില്‍ നടന്ന 'ദൃശ്യം മോഡല്‍' കൊലപാതകം മദ്യപാനത്തിനിടയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം 26ന് പ്രതിയെന്ന് സംശയിക്കുന്ന മുത്തുകുമാറിനൊപ്പം മറ്റു ചിലരും മൃതദേഹം കണ്ടെത്തിയ വീട്ടിലുണ്ടായിരുന്നെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

26നാണ് ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോന്‍ എന്ന യുവാവിനെ കാണാതാകുന്നത്. ബന്ധുക്കള്‍ 28-ാം തീയതി പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് ബിന്ദുമോന്റേതെന്ന് സംശയിക്കുന്ന ബൈക്ക് പുതുപ്പള്ളി കൊട്ടാരത്തില്‍ക്കടവ് ഭാഗത്ത് തോട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മുത്തുകുമാറിന്റെ ചങ്ങനാശേരി പൂവത്ത് വീടില്‍ എത്തിയത്. മൃതദേഹം വീട്ടില്‍ കുഴിച്ചിട്ട എന്ന സംശയത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിന്ദുമോനെ കുഴിച്ചിട്ട ശേഷം പ്രതലം കോണ്‍ക്രീറ്റ് ചെയ്തതായും പൊലീസ് കണ്ടെത്തി.

കേസില്‍ നിര്‍ണായക തെളിവായത് 29ന് ലഭിച്ച ഫോണ്‍ രേഖകളാണ്. ബിന്ദുമോനെ കാണാതായ 26ന് ഉച്ചക്ക് മുത്തുകുമാറിനെ വിളിച്ചതായാണ് ഫോണ്‍രേഖകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം മുത്തുകുമാറിനോട് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനില്‍ എത്തണമെന്ന് അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുത്തുകുമാര്‍ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷമേ ബിന്ദുമോന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂയെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ബിന്ദുമോന്റെ കുടുംബം രംഗത്തെത്തി. ബിന്ദുമോന്റെ സഹോദരന്‍ ഷണ്മുഖനാണ് സംശയം ഉന്നയിച്ച് രംഗത്തെത്തിയത്. കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്നും ഇക്കാര്യങ്ങള്‍ പൊലീസിനെ അറിയിക്കുമെന്നും ഷണ്മുഖന്‍ പറഞ്ഞു. അന്വേഷണത്തില്‍ വീടുടമയായ മുത്തുകുമാറിനെ കണ്ടെത്താനായില്ലെങ്കിലും ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. മുത്തുകുമാറും മക്കളും കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിലില്ലെന്നും മുത്തു കുമാറിന്റെ ഭാര്യ ഗള്‍ഫിലാണെന്നും മറ്റ് വിവരങ്ങള്‍ അറിയില്ലെന്നും സമീപവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


Next Story