Top

ആലത്തുരില്‍ നിന്ന് കാണാതായ കുട്ടികളെ കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

8 Nov 2021 12:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലത്തുരില്‍ നിന്ന് കാണാതായ കുട്ടികളെ കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി
X

പാലക്കാട്: ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പൊലീസ് കണ്ടെത്തിയത്. ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും നവംബര്‍ മൂന്നാം തീയതിയാണ് ആലത്തൂരില്‍നിന്ന് കാണാതായത്.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഗോപാലപുരം വഴി തമിഴ്‌നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചിലും നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കിയത്.

കുട്ടികളുടെ ചിത്രങ്ങള്‍ സഹിതമുള്ള നോട്ടീസുകള്‍ തമിഴ്‌നാട്ടിലെ പലഭാഗങ്ങളിലും പോലീസ് പതിക്കുകയും ചെയ്തു. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കുട്ടികളെ കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിക്കുന്നത്. 9100 രൂപയും 40,000 രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഇവരിൽ നിന്നും ലഭിച്ചതായി ആർപിഎഫ് അറിയിച്ചു. എന്തിനാണ് വീടുവിട്ടതെന്നത് സംബന്ധിച്ച വിവരത്തിനായി കുട്ടികളെ കൗൺസിലിംഗിന് വിധേയരാക്കുമെന്നും പൊലീസ് അറിയിച്ചു.

Next Story