'മെസ്സില്‍ കട്ടന്‍ ചായ നിര്‍ത്തിയത് ചോദ്യം ചെയ്തു'; ക്യാമ്പ് വിട്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നെന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന്
അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന് തിരിച്ചെത്തി
11 April 2022 2:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: അരീക്കോട് സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് ക്യാമ്പില്‍ നിന്നും കാണാതായ പൊലീസ് ഉദ്യോഗസ്ഥന് തിരിച്ചെത്തി. വടകര സ്വദേശിയായ എംഎസ്പി ബെറ്റാലിയന് അംഗം പികെ മുബഷിറിനെയായിരുന്നു വെള്ളിയാഴ്ച കാണാതായത്. രാവിലെ ആറോടെ കാണാതായ ഇദ്ദേഹം ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മുബഷിര്‍ തമിഴ്നാട്ടിലെ ഈറോഡിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ് തിരിച്ചെത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
അരീക്കോട് എസ്ഓജി ക്യാമ്പില്‍ നിന്നും കല്ലായിയില്‍ പോയി അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു. ഭാര്യയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളില്‍ നിന്നാണ് ഇദ്ദേഹം ഈ റോഡിലുണ്ടെന്ന് പൊലീസ് കണ്ടെത്തുന്നത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി.
ക്യാമ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനത്തെത്തുടര്‍ന്നാണ് നാടുവിട്ടതെന്ന് ഇദ്ദേഹം പൊലീസിന് മൊഴി നല്കി. ട്രെയിന്‍ കയറുന്നതിന് മുമ്പ് ഭര്‍ത്താവ് ആത്മഹത്യക്കുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നതായി ഭാര്യ ഷാഹിന പറഞ്ഞു. ക്യാമ്പില്‍ രാത്രികാലങ്ങളില്‍ നല്കാറുണ്ടായിരുന്ന കട്ടന്‍ചായ വിതരണം നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് മുബഷിര്‍ ഉദ്യോഗസ്ഥനുമായി സംസാരിച്ചിരുന്നു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു വര്‍ഷം കൂടെ അരീക്കോട് ക്യാമ്പില്‍ തന്നെ തുടരാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പ്രശ്നങ്ങള്‍ക്ക് പിന്നാലെ പാലക്കാട്ടേക്ക് സ്ഥലം മാറ്റം നല്കി. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് അറിയച്ചതിനെതത്തുടര്ന്നാണ് മുബഷിര്‍ തിരിച്ചെത്തിയത്. എന്നാല്‍, ഇപ്പോള്‍ പാലക്കാട് തന്നെ ജോലി ചെയ്യേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതെന്ന് ഭാര്യ ഷാഹിന പറഞ്ഞു.
STORY HIGHLIGHTS: Missing police man from Malappuram MSP camp found at TamilNadu Erode