ചിൽഡ്രൺസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവം; ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റി നടപടി
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
2 Feb 2022 4:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് ചിൽഡ്രൺസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ഹോം സൂപ്രണ്ടിനെതിരേയും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്സ്റ്റിറ്റ്യൂഷന് കെയറിനുമെതിരേയും വകുപ്പുതല നടപടികൾ സ്വീകരിച്ച് സർക്കാർ. നടപടിയുടെ ഭാഗമായി ചിൽഡ്രൺസ് ഹോമിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റി. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 26ന് വൈകീട്ടാണ് വെള്ളിമാട്കുന്നിൽ പ്രവർത്തിക്കുന്ന ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ ആറ് പെൺകുട്ടികളെ കാണാതായതായുളള വിവരം പുറത്തുവരുന്നത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നായിരുന്നു വിവരം.
പിന്നീട് ആറ് പെൺകുട്ടികളിൽ നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നും രണ്ട് പെൺകുട്ടികളെ ബംഗ്ലൂരുവിൽ നിന്നും കണ്ടെത്തി. പെൺകുട്ടികൾക്ക് പണം നൽകി സഹായിച്ച കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതേസമയം യുവാക്കൾ തെറ്റുകാരല്ലെന്നാണ് പെൺകുട്ടികൾ പറയുന്നത്. അവർ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നും രക്ഷപ്പെട്ട പെൺകുട്ടികൾ വെളിപ്പെടുത്തലുമായി വന്നിരുന്നു.
ചിൽഡ്രൺസ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാൻ തീരുമാനിച്ചതിന് പിന്നിലെന്നും പെൺകുട്ടികൾ മൊഴിനൽകിയിട്ടുണ്ട്. ചിൽഡ്രൺസ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികൾ പറയുന്നു. തിരിച്ചെത്തിച്ച പെൺകുട്ടികളിൽ ഒരാളെ മാതാപിതാക്കളുടെ അപേക്ഷ പ്രകാരം വീട്ടിലേക്ക് പോകാൻ അനുമതി നൽകിയിരുന്നു.