Top

അബ്ദുള്‍ റഹ്മാന്‍ ആന്‍സിയുടെയും അഞ്ജനയുടേയും സുഹൃത്ത്; ഹോട്ടലില്‍ പോയത് സെന്റ് ഓഫ് പാര്‍ട്ടിയ്ക്ക്

18 Nov 2021 3:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അബ്ദുള്‍ റഹ്മാന്‍ ആന്‍സിയുടെയും അഞ്ജനയുടേയും സുഹൃത്ത്; ഹോട്ടലില്‍ പോയത് സെന്റ് ഓഫ് പാര്‍ട്ടിയ്ക്ക്
X

കൊച്ചിയിലെ വാഹനാപകടത്തില്‍ യുവ മോഡലുകള്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഇടപെടല്‍ വേണമെന്ന് കുടുംബം. വാഹനാപകട കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ധുക്കളുടെ പ്രതികരണം. മകളുടെ മരണത്തിന് പിന്നിലുള്ള അഭ്യൂഹങ്ങള്‍ തീരണമെന്ന് മിസ് ഇന്ത്യ അന്‍സി കബീറിന്റെ പിതാവ് കബീര്‍ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്‌സ് അവറിലായിരുന്നു പ്രതികരണം.

അതേസമയം, അപകടം നടക്കുമ്പോള്‍ ആന്‍സിയും അഞ്ജനയും സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്മാന്‍ ഇവരുടെ സുഹൃത്താണ് എന്ന് എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഫാഷന്‍ ഫോട്ടോ ഗ്രാഫര്‍ റെജി ഭാസ്‌കര്‍ പ്രതികരിച്ചു. അബ്ദുള്‍ റഹമാനെ മുന്‍പ് കണ്ടിട്ടുണ്ട്, ഒരു പരിപാടിയില്‍ വച്ചായിരുന്നു ആദ്യമായി പരിചയപ്പെടുന്നത്. അവര്‍ സുഹൃത്തുക്കളാണ്. അബ്ദുള്‍ റഹ്മാന്‍ ഗള്‍ഫില്‍ പോവുന്നതമായി ബന്ധപ്പെട്ട പാര്‍ട്ടിയ്ക്കാണ് അവര്‍ പോയത് എന്നാണ് വിവരം. അബ്ദുള്‍ റഹ്മാന്റെ ഇടപെടലില്‍ സംശയം ഉണ്ടാവേണ്ടതില്ല. അയാളെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ പുറത്ത് വരും എന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് ആക്ഷേപങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോര്‍ട്ട് കൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടന്ന നം. 18 ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്നാണ് പ്രദേശവാസികളുടെ നിലപാട്. ചര്‍ച്ചയില്‍ പ്രതികരിച്ച പ്രദേശവാസിയായ ബാബുവാണ് ആരോപണം ഉന്നയിച്ചത്. താന്‍ മുന്‍പ് ഹോട്ടലിലെ പാര്‍ട്ടിയ്ക്ക് പോയിട്ടുണ്ട്. അവിടെ ഉന്നതരുള്‍പ്പെടെ എത്താറുണ്ട്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലില്‍ നടക്കുന്നത് പൊലീസ് അറിഞ്ഞില്ലെന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ല. അപകടം നടന്ന ദിവസം അവിടെ വിഐപികള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story