Top

'സിപിഐഎമ്മിന് ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന തെറ്റിദ്ധാരണ'; കോടിയേരിക്ക് കെ മുരളീധരന്റെ മറുപടി

ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണയിൽ ഹിന്ദുക്കളെ ബിജെപിക്ക് തീറെഴുതി കൊടുക്കാൻ മാർക്സിസ്റ്റ് പാർട്ടി കൂട്ട് നിൽക്കരുത്.

17 Dec 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മിന് ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന തെറ്റിദ്ധാരണ; കോടിയേരിക്ക് കെ മുരളീധരന്റെ മറുപടി
X

രാഹുൽ ഗാന്ധിയുടെ ജയ്‌പുർ റാലിക്കിടെ ഹിന്ദു, ഹിന്ദുത്വ പരാമർശത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നൽകി കോൺ​ഗ്രസ് എംപി കെ മുരളീധരൻ. ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. മറ്റ് മതങ്ങളെ ഹനിക്കുന്ന ബിജെപിയുടെ ഹിന്ദുത്വ നിലപാടിനെയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ഹിന്ദുമതം എല്ലാവരെയും ബഹുമാനിക്കുന്ന മതമാണ്. കേരളത്തിലുളളവർ രാഹുൽ ഗാന്ധി പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

കേരത്തിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമെന്ന തെറ്റിദ്ധാരണയിൽ ഹിന്ദുക്കളെ ബിജെപിക്ക് തീറെഴുതി കൊടുക്കാൻ മാർക്സിസ്റ്റ് പാർട്ടി കൂട്ട് നിൽക്കരുത്. ന്യൂനപക്ഷങ്ങൾക്ക് അതറിയാം. കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന ഒരു തെറ്റിദ്ധാരണ സി പി ഐ എമ്മിനുണ്ട് അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പുരാണത്തിൽ ദേവന്മാരും അസുരന്മാരുമുണ്ട്. രണ്ടുപേരും ദൈവവിശ്വാസികൾ ആയിരുന്നു. എന്നാൽ അസുരന്മാർ ഇന്നത്തെ ബിജെപി അജണ്ട ഉള്ളവരാണ്. ദേവന്മാർ ആണ് യഥാർത്ഥ ഹിന്ദുക്കൾ. ഇക്കാര്യത്തിൽ കോടിയേരി പഠിച്ചിട്ട് അഭിപ്രായം പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

വഖഫ് വിരുദ്ധ റാലിയിൽ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അധിക്ഷേപിച്ച മുസ്ലിം ലീ​ഗ് നടപടിയെ തള്ളിപ്പറയാനോ തിരുത്തിക്കാനോ കോണ്‍ഗ്രസിലെ ഒരു നേതാവും മുന്നോട്ട് വന്നിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചിരുന്നു. അത് സംസ്ഥാന കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയുടെയും സാംസ്‌കാരിക ച്യുതിയുടെയും തെളിവാണ്. ഇതോ വിഷയത്തിന്റെ തന്നെ മറുപുറമാണ് രാഹുല്‍ ഗാന്ധിയുടെ ഹിന്ദുരാജ്യ പ്രഖ്യാപനത്തിനു മുന്നില്‍ മൗനംപാലിക്കുന്ന മുസ്ലിംലീഗിന്റെ ഗതികേടെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ ഗാന്ധിയുടെ ജയ്‌പുർ റാലിയും മുസ്ലിംലീഗിന്റെ വഖഫ് ബോർഡ് നിയമനവിരുദ്ധ കോഴിക്കോട് റാലിയും ഇന്ത്യൻ രാഷ്‌ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്. രണ്ടും മതനിരപേക്ഷ രാഷ്ട്രീയത്തിനുമേലുള്ള അപായമണി മുഴക്കലാണ് എന്നും കോടിയേരി മുന്നറിയിപ്പ് നല്‍കുന്നു.

ജയ്പൂരില്‍ സംഘടിപ്പിച്ച വിലക്കയറ്റത്തിനെതിരായ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിവാദമായ 'ഹിന്ദു', 'ഹിന്ദുത്വ' പരാമര്‍ശമുണ്ടായത്. 'ഞാന്‍ ഒരു ഹിന്ദുവാണ്, പക്ഷേ ഞാന്‍ ഒരു ഹിന്ദുത്വവാദിയല്ല, നമ്മളെല്ലാവരും ഹിന്ദുക്കളാണ്, മഹാത്മാഗാന്ധി ഒരു ഹിന്ദുവായിരുന്നു, എന്നാല്‍ നാഥുറാം ഗോഡ്സെ ഒരു ഹിന്ദുത്വവാദിയായിരുന്നു.' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞ്.

Next Story