Top

'ഇപ്പോഴത്തെ തെരുവ് നായ പ്രതിസന്ധിക്ക് കാരണമുണ്ട്'; വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മേഖലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കാനാണ് തീരുമാനം

15 Sep 2022 2:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇപ്പോഴത്തെ തെരുവ് നായ പ്രതിസന്ധിക്ക് കാരണമുണ്ട്; വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി
X

തിരുവനന്തപുരം: കുടുംബശ്രീ മുഖേനേയുള്ള എബിസി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. എബിസി വ്യാപകമായി നടപ്പിലാക്കാന്‍ കുറച്ചുദിവസം കൂടിവേണമെന്നും മന്ത്രി പറഞ്ഞു. 2021 ഡിസംബറില്‍ എബിസി പദ്ധതി നിര്‍ത്തിവെക്കണമെന്നും അത് കുടുംബശ്രീയെ ഏല്‍പ്പിക്കരുത് എന്നും കോടതിയില്‍ നിന്നും ഉത്തരവുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

എന്നിരുന്നാലും സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മേഖലകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിക്കാനാണ് തീരുമാനം. ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്ത് ഇതുവരേയും 660 പ്രദേശങ്ങളാണ് തെരുവ് നായ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. അതില്‍ ആരോഗ്യ വകുപ്പ് 490 ഹോട്ട്‌സ്‌പോട്ടുകളും മൃഗസംരക്ഷണ വകുപ്പ് 170 ഹോട്ട്‌സ്‌പോട്ടുകളുമാണ് കണ്ടെത്തിയത്.

സംസ്ഥാനത്ത് തെരുവു നായ ശല്യം രൂക്ഷമായതോടെ ഹൈക്കോടതിയും രംഗത്തുവന്നിട്ടുണ്ട്. തെരുവു നായ്ക്കളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ഹൈക്കോടതി അറിയിച്ചു. അക്രമികളായ നായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നു മാറ്റണം. സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന പരിഹാര നടപടികള്‍ നാളേയ്ക്കകം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്തുടനീളം തെരുവു നായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തില്‍ കേസില്‍ കോടതി സ്‌പെഷ്യല്‍ സിറ്റിങ് നടത്തുകയായിരുന്നു.

ജനങ്ങള്‍ നിയമം കയ്യിലെടുക്കരുതെന്നും തെരുവ് നായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമായി നായ്ക്കളെ കൊന്നൊടുക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം. തെരുവു നായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷനല്‍ അഡ്വക്കറ്റ് അശോക് എം ചെറിയാന്‍ അറിയിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമാക്കാന്‍ മുമ്പ് നല്‍കിയ ഉത്തരവുകളില്‍ സര്‍ക്കാര്‍ എടുത്ത നടപടികളും കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.

Next Story