Top

മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി; മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു; റിമാൻഡ് റിപ്പോർട്ട്

പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച് മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

26 May 2022 4:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കി; മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടു; റിമാൻഡ് റിപ്പോർട്ട്
X

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരാളുടെ തോളിലിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മതവികാരം ആളിക്കത്തിക്കാന്‍ പ്രതികൾ ലക്ഷ്യമിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വ്യക്തമായ ലക്ഷ്യത്തോട് കൂടി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച് മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കി, ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ്, പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് പി എ നവാസ്, മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെയാണ് ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാല്‍ കുട്ടിയെ പോപ്പുലര്‍ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അറിയിച്ചത്.

സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.''അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്‍മാര്‍ വരുന്നുണ്ടെന്നായിരുന്നു'' പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തില്‍ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍.

STORY HIGHLIGHTS: Minor Boy Hate Slogan in Popular Front Rally the Remand Report is Out

Next Story

Popular Stories