'ക്ഷേമ പെൻഷനുകൾ വെെകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കും'; തകരാർ പരിഹരിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്
24 Dec 2022 11:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഇത്തവണത്തെ സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിക്കാൻ വെെകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഫ്റ്റ്വെയറിലെ തകരാറാണ് പെൻഷൻ മുടങ്ങാൻ കാരണമായത്. തകരാർ പരിഹരിക്കാനുളള നിർദേശം നൽകിക്കഴിഞ്ഞതായും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പ്രസ്താവനയുടെ പൂർണ്ണ രൂപം:
'സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന രണ്ടായിരത്തോളം പേർക്ക് ഇതുവരെ പെൻഷൻ ലഭിച്ചില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഫ്റ്റ്വെയറിലെ തകരാറാണ് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാനുള്ള നിർദേശം നൽകിക്കഴിഞ്ഞു. 2022 സെപ്റ്റംബർ മാസം വരെ പെൻഷൻ ലഭിച്ച ഒരാൾക്കും പെൻഷൻ മുടങ്ങില്ല. പെൻഷൻ വൈകിയവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പെൻഷൻ ലഭിക്കുന്നതായിരിക്കും.'
ഡിസംബർ അഞ്ചിനാണ് ഇത്തവണത്തെ ക്ഷേമപെൻഷനുകളുടെ വിതരണം ആരംഭിച്ചത്. സാമൂഹിക സുരക്ഷാ പെൻഷനും സർക്കാർ സഹായത്തോടെ നൽകുന്ന ക്ഷേമനിധി പെൻഷനുമാണ് തിങ്കളാഴ്ച മുതൽ വിതരണം ചെയ്തത്. ഒക്ടോബറിൽ മുടങ്ങിയതും നവംബറിലെ പെൻഷനും ഒരുമിച്ചായിരുന്നു വിതരണം ചെയ്തത്. സാമൂഹിക സുരക്ഷാ പെൻഷൻ സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
STORY HIGHLIGHTS: Minister's office says welfare pensioners will get it within a week