Top

തൃശൂരിലെ ജപ്തി: 'വീട് തിരിച്ചു നല്‍കും', റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ തുക നല്‍കുമെന്ന് മന്ത്രി

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി

1 Nov 2022 6:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശൂരിലെ ജപ്തി: വീട് തിരിച്ചു നല്‍കും, റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ തുക നല്‍കുമെന്ന് മന്ത്രി
X

തൃശൂര്‍: മുണ്ടൂരില്‍ അമ്മയെയും മക്കളെയും പെരുവഴിയിലാക്കി വീട് ജപ്തി ചെയ്ത നടപടിയില്‍ ഇടപെട്ട് സഹകരണ മന്ത്രി വി എന്‍ വാസവന്‍. കോടതി ഉത്തരവ് പ്രകാരമായിരുന്നു ജപ്തി നടപടി. വീട് തിരിച്ചു നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ തുക കണ്ടെത്താനാണ് തീരുമാനമെന്നും സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

തൃശ്ശൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റേതായിരുന്നു ജപ്തി നടപടി. തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ചിറവല്ലൂര്‍ വീട്ടില്‍ ഓമനയും (58) മക്കളുമാണ് ദുരിതത്തിലായത്. വീട്ടുപണിചെയ്താണ് ഓമന കുടുംബം പോറ്റുന്നത്. മകന്‍ മഹേഷ് വെല്‍ഡിങ് തൊഴിലാളിയാണ്. മൂത്തമകന്‍ ഗിരീഷ് സ്ഥലത്തില്ലായിരുന്നു. ഓമനയും മഹേഷും തിങ്കളാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് വീട് സീല്‍ചെയ്തതായി കണ്ടത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ രാത്രി വൈകിയും ഇരുവരും വീടിനു മുന്നില്‍ തുടര്‍ന്നു. വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകള്‍ സീല്‍ ചെയ്തിരുന്നു.

അര്‍ബുദ രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നര ലക്ഷം രൂപയായിരുന്നു ബാങ്കില്‍നിന്ന് ഓമന വായ്പയെടുത്തത്. ഭര്‍ത്താവ് പിന്നീട് മരിച്ചു. ഒന്നരലക്ഷം രൂപ പിന്നീട് തിരിച്ചടച്ചെങ്കിലും അത് പലിശയിനത്തിലാണ് കണ്ക്കാക്കിയത്. മൂന്ന് സെന്റ് പുരയിടത്തിലെ വീടാണ് ജപ്തിചെയ്തത്.

Story Highlights: Minister VN Vasavan's Response On Trissur House Confiscation

Next Story